സംഘ്പരിവാറിനെതിരെ മതിയായ പ്രതിരോധം കെട്ടിപ്പടുക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് ഡൽഹി തെരഞ്ഞെടുപ്പ്: പി. മുജീബുറഹ്മാൻ
100 വർഷത്തെ രാഷ്ട്രീയവും സാംസ്‌കാരികവുമായ പദ്ധതികളും ഭരണകൂട ഉപകരണങ്ങളും ഉപയോഗിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു ഡീപ്പ് സ്റ്റേറ്റിനെയാണ് തങ്ങൾ നേരിടുന്നതെന്ന ബോധം ഇൻഡ്യാ മുന്നണിയിലുള്ളവർക്കുണ്ടാവണമെന്ന് മുജീബുറഹ്മാൻ പറഞ്ഞു.
കോഴിക്കോട്: വംശീയ ഉൻമൂലനം രാഷ്ട്രീയമായി നടപ്പാക്കുന്ന സംഘ്പരിവാർ ഭീകരതക്കെതിരെ മതിയായ പ്രതിരോധനിര കെട്ടിപ്പടുക്കാൻ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾക്കിനിയും കഴിഞ്ഞിട്ടില്ല എന്നതിന്റെ അവസാനത്തെ തെളിവാണ് ഡൽഹി തെരഞ്ഞെടുപ്പ് എന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ. ശക്തമായ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും സംഘടനാ സങ്കുചിതത്വത്തിനപ്പുറമുള്ള വിട്ടുവീഴ്ച സമീപനവും സ്വീകരിക്കാതെ സംഘ്പരിവാറിനെ അതിജീവിക്കാൻ ഇൻഡ്യ മുന്നണിക്കാവില്ല. 100 വർഷത്തെ രാഷ്ട്രീയവും സാംസ്‌കാരികവുമായ പ്ലാനും പദ്ധതികളും ഭരണകൂട ഉപകരണങ്ങളും ഉപയോഗിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വംശീയ ബോധം പേറുന്ന ഒരു ഡീപ്പ് സ്റ്റേറ്റിനെയാണ് തങ്ങൾ നേരിടുന്നതെന്ന ബോധം ഇൻഡ്യാ മുന്നണിയിലുള്ളവർക്കുണ്ടാവണം.
ഫാഷിസമെന്നത് ഇന്ത്യയിലെ ഒരനുഭവ യാഥാർഥ്യമാണെങ്കിലും അതിന്റെ അളവും തോതുമെത്ര എന്ന കാര്യത്തിൽ തീർപ്പിലെത്താൻ ഇപ്പോഴും മതേതര മുന്നണികൾക്ക് സാധിച്ചിട്ടില്ല. സംഘ്പരിവാർ ഫാഷിസം ഇന്ത്യൻ ജനതയുടെ അടുക്കളവരെ കീഴടക്കുന്ന പുതിയ കാലത്തും അതിനെ ഫാഷിസമെന്ന് വിളിക്കാമോ എന്ന് ഗവേഷണം നടത്തുന്ന രാഷ്ട്രീയ കക്ഷികൾ മുതൽ തന്റെയും തന്റെ പാർട്ടിയുടെയും കേവല അധികാരം മാത്രം ലക്ഷ്യമാക്കുന്നവരും, ഇഡിയും എൻഐഎയും വീട്ടുപടിക്കലെത്തുമ്പോൾ മുട്ട് വിറക്കുംവിധം മടിയിൽ കനമുള്ളവരും, എല്ലാറ്റിലുമുപരി തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിട്ടുകളയാമെന്ന് വ്യാമോഹിക്കുന്നവരുമെല്ലാം ചേർന്ന് കൃത്യവും വ്യക്തവുമില്ലാത്ത രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോയാൽ ഡൽഹിയുടെ തുടർച്ച ഇനിയുമുണ്ടാവും.
മതേതര ഇന്ത്യയും അതിന്റെ ഭരണഘടനയുമെല്ലാം അട്ടിമറിക്കപ്പെടുന്ന പുതിയകാല രാഷ്ട്രീയ സാഹചര്യത്തിൽ സംഘടനാ താൽപര്യത്തിലുപരി രാജ്യതാൽപര്യമുയർത്തുന്ന രാഷ്ട്രീയ മുന്നേറ്റത്തിലൂടെ മാത്രമേ ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനാകൂ. ഇന്ത്യൻ ദേശീയതയുടെ ഓരങ്ങളിലേക്ക് മാറ്റിനിർത്തപ്പെടുന്ന ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളടക്കം രാജ്യത്തെ മുഴുവൻ സാമൂഹ്യ ജനവിഭാഗങ്ങളെയും ചേർത്തുനിർത്തുന്ന ശക്തവും വിശാലവുമായ പ്ലാറ്റ്‌ഫോമായി ഇൻഡ്യാ മുന്നണി ഉയരുകയും ശക്തിപ്പെടുകയും വേണമെന്നും മുജീബുറഹ്മാൻ പറഞ്ഞു.