ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ ശബ്ദം ഉയരണം-പാലാ ബിഷപ്പ്

രാഷ്ട്രീയ നേതാക്കളും മുന്നണികളും കേവലം വോട്ടുബാങ്കായി മാത്രം ക്രൈസ്തവരെ കാണുകയാണെന്നും ആവശ്യങ്ങളും അവകാശങ്ങളും മുഖത്തുനോക്കി ആവശ്യപ്പെടേണ്ട സമയമാണെന്നും ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍

Update: 2024-05-12 14:17 GMT
Editor : Shaheer | By : Web Desk

കോട്ടയം: പാരമ്പര്യം നഷ്ടപ്പെട്ടാല്‍ ആമകളെപ്പോലെ ഉള്ളിലേയ്ക്ക് വലിയുകയും വളയുകയും ചെയ്യുമെന്നും അമിതമായ ഒത്തുതീര്‍പ്പുകള്‍ക്ക് സഭ വഴങ്ങേണ്ടതില്ലെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസ് 106-ാം വാര്‍ഷിക സമ്മേളനം അരുവിത്തുറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ശബ്ദം ഉയരണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.

സാമ്പത്തിക സംവരണ പരിധി സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പഞ്ചായത്തുകളില്‍ രണ്ടരയേക്കര്‍ പരിധി അഞ്ച് ഏക്കറായും വാര്‍ഷികവരുമാനം എട്ടു ലക്ഷവുമാക്കി ഉയര്‍ത്തണം. അല്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പട്ടികയില്‍നിന്നു പുറത്താകും. ജെ.ബി കോശി റിപ്പോര്‍ട്ട് അടിയന്തരമായി പുറത്തുവിടണം. നിരവധി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്രം റദ്ദാക്കി. അതിനെല്ലാം എതിരായി ശക്തമായ സ്വരം ഉയരണം-ബിഷപ്പ് മാര്‍ ജോസഫ് പറഞ്ഞു.

Advertising
Advertising

രാഷ്ട്രീയ നേതാക്കളും മുന്നണികളും കേവലം വോട്ടുബാങ്കായി മാത്രം ക്രൈസ്തവരെ കാണുകയാണെന്നും ആവശ്യങ്ങളും അവകാശങ്ങളും മുഖത്തുനോക്കി ആവശ്യപ്പെടേണ്ട സമയമാണെന്നും ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു. ക്രൈസ്തവ സമൂഹം നേരിടുന്ന ഒരു പ്രശ്‌നം പോലും ഒരു പാര്‍ട്ടിയും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടില്ല. വന്യമൃഗശല്യ പ്രശ്‌നത്തിന് ഒരു പരിഹാരവുമില്ല. വന്യമൃഗശല്യം മൂലം ബുദ്ധിമുട്ടുന്ന ഒരു ജനതയുണ്ടെന്ന് ഓര്‍ക്കാന്‍ മുന്നണികള്‍ക്ക് ആയില്ല. നമ്മളെയൊക്കെ ഉള്‍ക്കൊള്ളുമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ ഇരട്ട സംവരണം എന്ന വിചിത്ര നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതൊക്കെ കാണുന്ന മണ്ടന്മാരല്ല തങ്ങളെന്നും ഇവരുടെയൊക്കെ അജണ്ട എന്താണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.

Summary: Pala Bishop Mar Joseph Kallarangatt wants to raise a strong voice against the central government which canceled the minority scholarships.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News