പോസ്റ്റുമോർട്ടം ചെയ്യാൻ മറന്നു; പൊതുദർശനത്തിനിടെ ആശുപത്രി ജീവനക്കാർ മൃതദേഹം തിരികെ വാങ്ങി
പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ മരിച്ചയാളുടെ ബന്ധുക്കള്‍ രംഗത്തെത്തി
Photo| Special Arrangement
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് മുൻപ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി പരാതി.ആത്മഹത്യ ചെയ്ത പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവന്റെ മൃതദേഹമാണ് പൊതുദർശനത്തിനിടെ തിരിച്ച് കൊണ്ടുവന്ന് പോസ്റ്റുമോർട്ടം ചെയ്തത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
പോസ്റ്റ്‌മോർട്ടം ചെയ്തില്ലെന്നും അബദ്ധം പറ്റിയെന്നും പറഞ്ഞാണ് ആശുപത്രി ജീവനക്കാർ മൃതദേഹം തിരിച്ചുകൊണ്ടുപോയത്.ഒരുമാസം ചികിത്സയിലിരുന്നാണ് സദാശിവന്‍ മരിച്ചത്.അതുകൊണ്ട് പോസ്റ്റുമോർട്ടം ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞാണ് മൃതദേഹം തിരികെ തന്നത്. ചികിത്സയിലിരുന്നതുമായി ബന്ധപ്പെട്ട പേപ്പറുകളും കൈയിൽ തന്നു. ഇതനുസരിച്ച് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും സംസ്‌കാരത്തിന്റെ സമയം നിശ്ചയിക്കുകയും ചെയ്തു.
പൊതുദർശനം നടക്കുന്നതിനിടെയാണ് വീണ്ടും ആശുപത്രിയിൽ നിന്ന് വിളിച്ചത്. പോസ്റ്റുമോർട്ടം ചെയ്യാതെ മൃതദേഹം അടക്കിയാൽ ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടില്ലെന്ന് പറഞ്ഞാണ് മൃതദേഹം വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കൾ പറയുന്നു. മൃതദേഹം വീണ്ടും കൊണ്ടുപോകാന്‍ വാഹനം അയക്കാമെന്നും എല്ലാ ചെലവും ആശുപത്രി വഹിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു.ഒരു പക്ഷേ മൃതദേഹം ദഹിപ്പിച്ചതിന് ശേഷമാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിക്കുന്നതെങ്കില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അലയേണ്ടി വരുമായിരുന്നെന്നും കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ നല്‍കാന്‍ താല്‍പര്യമില്ലെന്നും സദാശിവന്‍റെ ബന്ധുക്കള്‍ മീഡിയവണിനോട് പറഞ്ഞു.