വാളയാറിൽ ആൾക്കൂട്ട മർദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം; അഞ്ച് പേര്‍ അറസ്റ്റിൽ
അട്ടപ്പള്ളം സ്വദേശികളായ അനു,പ്രസാദ്, മുരളി,അനന്ദൻ,ബിപിൻ എന്നിവരാണ് അറസ്റ്റിലായത്
പാലക്കാട്: പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചതിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ അനു,പ്രസാദ്, മുരളി,അനന്ദൻ,ബിപിൻ എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതക കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ട വിചാരണയെ തുടർന്നുണ്ടായ മർദനത്തിൽ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭയ്യ കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടോടെ അട്ടപ്പള്ളം മതാളികാട് ഭാഗത്തെത്തിയ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭയ്യആണ് അതിക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ടത് . പ്രദേശത്തെ ഏതാനും പേരുടെ നേതൃത്വത്തിലാണ് കള്ളൻ എന്നാരോപിച്ച് ആൾക്കൂട്ട വിചാരണ നടന്നത്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചും മർദ്ദിച്ചു. റോഡിൽ ചോരവാർന്ന് കിടന്ന യുവാവിനെ നാലുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഒരാഴ്ച മുൻപാണ് ഛത്തീസ്ഗഡിൽ നിന്നും രാംനാരായണൻ ഭയ്യജോലി തേടി പാലക്കാട് എത്തിയത്. പാലക്കാട് കിൻഫ്രയിൽ ജോലിക്ക് എത്തിയ യുവാവ് അട്ടപ്പള്ളത്ത് വഴി തെറ്റി എത്തിയതാണ് എന്നാണ് സംശയം. പ്രദേശത്തെ ഏതാനും പേരുടെ നേതൃത്വത്തിലാണ് ആൾക്കൂട്ട വിചാരണ നടന്നത്.