'എഴുതുമ്പോഴൊക്കെ ബുക്കിലേക്ക് വെള്ളം വീഴും,കാറ്റൊക്കെ വീശുമ്പോ പേടിയാണ്'; ഭീതിയില്‍ പല്ലഞ്ചത്തനൂർ സ്കൂളിലെ കുരുന്നുകള്‍
93 വർഷം പഴക്കമുള്ള സ്കൂളിൽ 60 വിദ്യാർഥികളാണ് പഠിക്കുന്നത്
പാലക്കാട്: മാത്തൂർ പഞ്ചായത്തിലെ പല്ലഞ്ചത്തനൂർ ഗവ. ജൂനിയർ ബേസിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഭയന്നാണ് ഒരോ ദിവസവും തള്ളി നീക്കുന്നത്. 93 വർഷം പഴക്കമുള്ള സ്കൂൾകെട്ടിടം ഏത് നിമിഷവും തകര്‍ന്ന് വീഴാമെന്ന നിലയിലാണ്. ചോർന്നൊലിക്കുന്ന സ്കൂളിൽ 60 വിദ്യാർഥികളാണ് പഠിക്കുന്നത്.
1932 ൽ നിർമ്മിച്ച കെട്ടിടം ഏത് നിമിഷവും നിലംപതിക്കാം എന്ന അവസ്ഥയിലാണ് . ഉത്തരം പൊട്ടി തൂങ്ങി നിൽക്കുകയാണ് . നേരത്തെ നിരവധി കുട്ടികൾ പഠിച്ചിരുന്ന സ്കൂളാണിത്. മക്കളുടെ ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ പല രക്ഷിതാക്കൾ കുട്ടികളെ ഇങ്ങോട്ട് അയക്കുന്നില്ല.
മഴപെയ്താൽ ചോർന്ന് ഒലിക്കുന്ന ക്ലാസിലാണ് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള കുട്ടികൾ പഠിക്കുന്നത്. തങ്ങൾക്ക് ശേഷം വരുന്ന കുട്ടികൾക്കെങ്കിലും സുരക്ഷിതമായ സ്കൂളിൽ ഇരുന്ന പഠിക്കാൻ സംവിധാനം ഒരുക്കണമെന്നാണ് ഈ കുരുന്നുകളുടെ അഭ്യർത്ഥന.
പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കാൻ ഇത് വരെ ഫണ്ട് വകയിരുത്തിയിട്ടില്ല . മഴക്കാലമായതിനാൽ മൺ ചുമരും തകർന്ന മേൽക്കൂരയും വീഴുമെന്ന ഭീതിയുണ്ട് . താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് സ്കൂളിൻ്റെ പ്രവർത്തനം മാറ്റാനാണ് അധികൃതരുടെ ശ്രമം.