പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പൊലീസ് രേഖാചിത്രം തയ്യാറാക്കി

ഐജി അശോക് യാദവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തൃശൂർ റേയ്ഞ്ച് ഡിഐജി എ. അക്ബറും യോഗത്തിൽ പങ്കെടുത്തു.

Update: 2021-11-17 14:51 GMT
Editor : abs | By : Web Desk
Advertising

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട പതികളിലൊരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. അക്രമികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പുറത്ത് വിടും. ഐജി അശോക് യാദവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തൃശൂർ റേയ്ഞ്ച് ഡിഐജി എ. അക്ബറും യോഗത്തിൽ പങ്കെടുത്തു.

സംഭവം നടന്ന് രണ്ടുദിവസം പിന്നിടുമ്പോൾ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനാണ് യോഗം ചേർന്നത്. എട്ടുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. വെള്ള മാരുതി 800 കാറിലാണ് കൊലപാതക സംഘമെത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കാറിന്റെ നമ്പർ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

കൊലപാതകത്തിന് പിന്നാലെ പ്രദേശത്തെ അഞ്ച് കിലോമീറ്റർ ചുറ്റളവിലെ എല്ലാം സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. പെരുവമ്പ് എന്ന സ്ഥലത്ത് വരെ ആക്രമിസംഘം സഞ്ചരിച്ചു എന്ന് കരുതുന്ന കാർ എത്തിയിരുന്നു. ശേഷം കൃത്യം നടന്ന മമ്പറത്ത് ഏഴുമണിയോടെ  എത്തിയെന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കാർ തത്തംമംഗലം വഴി വന്നതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. അങ്ങനെയാണെങ്കിൽ അത് കോയമ്പത്തൂരിൽ നിന്നുള്ള സംഘമാകാമെന്നും പൊലീസ് കരുതുന്നുണ്ട്.

പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ കണ്ണനൂരിൽനിന്ന് ചാക്കിൽ പൊതിഞ്ഞ നിലയിൽ നാല് വാളുകൾ കണ്ടെടുത്തിരുന്നു. കണ്ണനൂരിൽനിന്ന് കുഴൽമന്ദം ഭാഗത്തേക്കുള്ള സർവീസ് റോഡിലെ കലുങ്കിന് താഴെ ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞ നിലയിലായിരുന്നു വാളുകൾ. കണ്ടെടുത്ത വാളുകളിൽ രക്തപ്പാടുകളുണ്ട്. വാളുകൾ കണ്ടെത്തിയ സ്ഥലത്തും വെളുത്ത കാറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News