സമസ്ത വിലക്കിനുശേഷവും സാദിഖലി തങ്ങൾ ഹക്കീം ഫൈസിക്കൊപ്പം 'വാഫി' വേദിയിൽ

സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ എസ്.വൈ.എസ്, വിദ്യാർത്ഥി സംഘടന എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ സംയുക്ത യോഗമാണ് ഹക്കീം ഫൈസിയുമായി സഹകരിക്കരുതെന്ന് സമസ്ത നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയത്

Update: 2023-02-20 16:19 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: സമസ്ത യുവനേതാക്കളുടെ വിലക്കിനുശേഷം 'വാഫി' പരിപാടിയിൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കൊപ്പം വേദി പങ്കിട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കോഴിക്കോട് നാദാപുരത്ത് വാഫി സ്ഥാപനങ്ങളുടെ ശിലാസ്ഥാപന- ഉദ്ഘാടന ചടങ്ങുകളിലാണ് തങ്ങൾ പങ്കെടുത്തത്. നേതാക്കളും പ്രവർത്തകരും ഹക്കീം ഫൈസിയുമായി വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന് സമസ്ത യുവനേതൃത്വത്തിന്റെ നിർദേശം വന്നു മണിക്കൂറുകൾക്കു ശേഷമായിരുന്നു പരിപാടി.

സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ സുന്നി യുവജന സംഘം(എസ്.വൈ.എസ്), വിദ്യാർത്ഥി സംഘടന എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ സംസ്ഥാന നേതാക്കളുടെ സംയുക്ത യോഗമാണ് ഹക്കീം ഫൈസിയുമായി സഹകരിക്കരുതെന്ന് ഇന്നു രാവിലെ ഉത്തരവിറക്കിയത്. സമസ്ത നേതാക്കൾക്കും പ്രവർത്തകർക്കുമായിരുന്നു യുവനേതാക്കളുടെ മുന്നറിയിപ്പ്. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെയും ആദർശവിരുദ്ധ പ്രചാരണങ്ങളുടെയും പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അച്ചടക്കനടപടി സ്വീകരിച്ച അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടനാ നേതാക്കളും പ്രവർത്തകരും വേദി പങ്കിടരുതെന്ന് വാർത്താകുറിപ്പിൽ പറയുന്നു. ഹകീം ഫൈസിയുമായി സഹകരിക്കുകയോ പരിപാടികളിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ടായിരുന്നു.

എന്നാൽ, വൈകീട്ട് മൂന്നിന് നാദാപുരം പെരുമുണ്ടശ്ശേരിയിൽ നടന്ന വാഫി പരിപാടിയിൽ ഹക്കീം ഫൈസി അടക്കമുള്ള വാഫി നേതാക്കള്‍ക്കൊപ്പം സാദിഖലി തങ്ങൾ പങ്കെടുത്തു. വരക്കൽ മുല്ലക്കോയ തങ്ങൾ വാഫി കോളജിന്റെ ഉദ്ഘാടനവും ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളജിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാന മേഖലയിൽ അത്ഭുതം സൃഷ്ടിക്കുന്ന പാഠ്യപദ്ധതിയുമായാണ് വാഫി-വഫിയ്യ സംവിധാനം മുന്നോട്ടുപോകുന്നതെന്ന് പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. പരമ്പരാഗത വിദ്യാഭ്യാസ രീതിയല്ല വാഫി പിന്തുടരുന്നതെന്നും പഴമയെ നിലനിർത്തിയും ആധുനിക സമൂഹത്തോട് ചേർന്നുനിർന്നുമുള്ള പ്രത്യേക സംവിധാനമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘടനാ ആദർശത്തിനു വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി മാസങ്ങൾക്കുമുൻപാണ് ഹക്കീം ഫൈസിയെ സമസ്ത പുറത്താക്കിയത്. ഇതിനുശേഷം വാഫി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റാനും നീക്കമുണ്ടായിരുന്നു. ഹക്കീം ഫൈസി ജനറൽ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സി.ഐ.സിയുമായി സഹരിക്കില്ലെന്നും അതേസമയം, സാദിഖലി തങ്ങൾ അധ്യക്ഷനായ കൂട്ടായ്മയുമായി സഹകരണം തുടരുമെന്നും അടുത്തിടെ സമസ്ത വ്യക്തമാക്കുകയും ചെയ്തിരുന്നു.

Summary: Panakkad Sayyid Sadik Ali Shihab Thangal shared the stage with Abdul Hakeem Faizy Adrisseri in the 'Wafi' program after the ban by Samastha youth leaders

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News