Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോഴിക്കോട്: സർക്കാരിനെ കേരളത്തിലെ ജനതയ്ക്ക് മടുത്തെന്നും ഒന്നും ചെയ്യാത്ത സര്‍ക്കാരിനോടുള്ള ജനങ്ങളുടെ മടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയ കാര്‍ഡ് മാറ്റി മാറ്റി കളിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നുണ്ടായത് പ്രതീക്ഷിക്കാത്ത നടപടികളാണ്. ജമാഅത്തെ ഇസ്‌ലാമി കാര്‍ഡ് ഇറക്കി ജയിക്കാമെന്ന അവരുടെ തന്ത്രം പാളിയെന്നും ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പറഞ്ഞു.
'സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. ഇനി തിരുത്താന്‍ അവര്‍ക്ക് സമയമില്ല. ക്ഷേമ പെന്‍ഷന്‍ പറ്റിപ്പാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഒട്ടും പ്രതീക്ഷിച്ചിട്ടില്ലാത്തത്രയും വര്‍ഗീയ കാര്‍ഡ് ഇറക്കി എല്‍ഡിഎഫ് കളിച്ചു. ഏതെങ്കിലും സംഘടനയെ ചാരിക്കൊണ്ട് ഇസ്‌ലാമോഫോബിയ കളിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് അവര് കരുതിയത്. ജമാഅത്തെ ഇസ്‌ലാമി കാര്‍ഡ് ഇറക്കിക്കൊണ്ട് ജയിക്കാമെന്ന അവരുടെ തന്ത്രം ഇത്തവണ പാളിയിരിക്കുകയാണ് ചെയ്തത്. ചില വ്യക്തികളൊക്കെ വര്‍ഗീയതയുടെ പര്യായമായി മാറുന്ന ചിത്രങ്ങള്‍ വരെ ഇത്തവണയുണ്ടായി.' കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'വര്‍ഗീയത പറഞ്ഞ് ലീഗിനെ മൂലക്കിരുത്താനാവില്ല. യുഡിഎഫ് മുന്നണിയുടെ അടിത്തറ വികസിപ്പിക്കണമെന്നാണ് ലീഗിന്റെ നയം. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരുവന്നാലും ലീഗ് സ്വാഗതം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്ത് പുതിയ പാര്‍ട്ടികളെ ഞങ്ങള്‍ മുന്നണിയിലേക്ക് കൊണ്ടുവരും. പി.വി അന്‍വറിനെ ഒപ്പം കൂട്ടണമെന്നാണ് യുഡിഎഫിന്റെ ധാരണ. അന്‍വറിന് നിയമസഭാ സീറ്റ് നല്‍കുന്നതടക്കം ചര്‍ച്ച ചെയ്യും'. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
'എല്ലാ കാലത്തും ലീഗിലെ തലമുറ കൈമാറ്റം അനിവാര്യമായ സമയങ്ങളില്‍ നടക്കാറുണ്ട്. കിട്ടിയ അവസരം മുതലാക്കുന്ന സ്വഭാവം ലീഗിനില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും യുവ പ്രാതിനിധ്യം ഉണ്ടാകും. യുവ വനിതാ പ്രാതിനിധ്യവുമുണ്ടാകും. മതസംഘടനകള്‍ക്ക് പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ട്. പാര്‍ട്ടിയെയും സമസ്തയെയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്.'
'തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തോടെ കോണ്‍ഗ്രസ് അതിന്റെ അടിത്തറ ശക്തമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അച്ചടക്കം കൈവന്നിട്ടുണ്ട്. അവര്‍ക്കിടയില്‍ ശക്തരും യുവാക്കളുമായ നേതാക്കളുള്ളത് മുന്നണിയുടെ മുന്നോട്ടുപോക്കിന് ഗുണം ചെയ്യും. വി.ഡി സതീശന്‍ ഈ തെരഞ്ഞെടുപ്പിലൂടെ കഴിവ് തെളിയിച്ചിരിക്കുകയാണ്. മികച്ച തീരുമാനങ്ങളും നിലപാടുകളുമാണ് സതീശൻ എപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കാനും സാധിക്കണം'. അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളിയെ തള്ളിയ കുഞ്ഞാലിക്കുട്ടി മലപ്പുറത്തിന് വര്‍ഗീയ പശ്ചാത്തലമില്ലെന്നും മലബാറിന്റെ പശ്ചാത്തലം മതപരമല്ലെന്നും വ്യക്തമാക്കി.കോഴിക്കോട് ചങ്ങരോത്തിലെ യുഡിഎഫിന്റെ വിജയാഹ്ലാദത്തില്‍ ശുദ്ധികലശം ശരിയായില്ലെന്നും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'ഈ പ്രവര്‍ത്തിയില്‍ നടപടിയുണ്ടാകും. ചാണകം തളിക്കലൊക്കെ അറപ്പുളവാക്കുന്നതാണ്. ആഹ്ലാദത്തിന്റെ പേരില്‍ തെറ്റായ നടപടി പാടില്ല'. പ്രവര്‍ത്തകര്‍ക്ക് ക്ലാസ് കൊടുക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.