ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമന്നതുൾപ്പടെയുളള ഹരജികൾ ഇന്ന് പരിഗണിക്കും

സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടി കാണിച്ചിരുന്നു

Update: 2022-05-19 01:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമന്നതുൾപ്പടെയുളള വിവിധ ഹരജികൾ വിചാരണ കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിലെ വാദങ്ങൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ തെളിവായ രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കുകയാണ് വേണ്ടതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ദിലീപിന്‍റെ ജാമ്യം റദ്ദാക്കാനാവശ്യമായ തെളിവെന്താണെന്ന് പ്രോസിക്യൂഷനോട് കഴിഞ്ഞ തവണ വിചാരണ കോടതി ചോദിച്ചിരുന്നു. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞിരുന്നു.

പ്രോസിക്യൂഷന് വലിയ രീതിയിലുള്ള വിമർശനമാണ് കോടതിയിൽ നിന്നും നേരിടേണ്ടി വന്നത്. ദിലീപിന്‍റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. എന്നാൽ സാക്ഷികളെ സ്വാധീനിച്ചതിന് തെളിവ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രോസികൂഷൻ ആരോപണം ഉന്നയിക്കുക മാത്രമാണ് ചെയ്‌തെന്നും കോടതി ചൂണ്ടിക്കാട്ടി. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും കോടതി പറഞ്ഞു.

ഗണേഷ് കുമാറിന്‍റെ സെക്രട്ടറിയായ പ്രദീപ് സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നത് എങ്ങനെയാണ് പ്രോസിക്യൂഷൻ സ്ഥാപിക്കാൻ കഴിയുന്നതെന്നും കോടതി ചോദിച്ചു. അതേസമയം, പ്രദീപ് വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് കൊണ്ട് പ്രയോജനം ദിലീപിനാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഏതെങ്കിലും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികളുടെ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. പ്രോസിക്യൂഷൻ കൃത്യമായ തെളിവുകളുമായി കോടതിയിലെത്തണമെന്ന് വിചാരണ കോടതി കൂട്ടിച്ചേർത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News