വിദ്യാർത്ഥികളുടെ പി.ജി പരീക്ഷ: കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളെ 9 മണിക്കൂർ വരാന്തയിൽ കിടത്തി

ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെയടക്കമാണ് വരാന്തയിൽ കിടത്തിയത്

Update: 2022-06-23 17:26 GMT
Editor : afsal137 | By : Web Desk
Advertising

കോഴിക്കോട്: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പി.ജി പരീക്ഷയോടനുബന്ധിച്ച് രോഗികളെ ഒമ്പത് മണിക്കൂർ വരാന്തയിൽ കിടത്തിയതായി പരാതി. യാതൊരു മുന്നറിയിപ്പുമില്ലാതെ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് പത്താം വാർഡിലെ 25 ഓളം രോഗികളെ അധികൃതർ വരാന്തയിൽ കിടത്തിയത്. ഇവരിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളടക്കം ഉണ്ടായിരുന്നതായാണ് വിവരം.

രോഗികളോടൊപ്പം ഒരു കുട്ടിരിപ്പുകാരൻ മാത്രമാണുള്ളത്. വാർഡിൽ ആകെയുള്ളത് രണ്ടു ട്രോളികളും. ചില രോഗികളെ കട്ടിൽ സഹിതം പിടിച്ചു വരാന്തയിലേക്കു കൊണ്ടുപോകുകയാണുണ്ടായത്. കൂട്ടിരിപ്പുകാർ പരസ്പരം സഹായിച്ചാണ് എല്ലാവരെയും മാറ്റിയത്. ജീവനക്കാരുടെ സഹായം പോലും ലഭിച്ചില്ലെന്നും കൂട്ടിരിപ്പുകാർ പറഞ്ഞു. രോഗികളെ രാവിലെ 8ന് മുമ്പ് മാറ്റണമെന്ന് ഒന്നര മണിക്കൂർ മുൻപാണ് വാർഡിലെ സ്റ്റാഫ് നഴ്‌സ് കൂട്ടിരിപ്പുകാരോട് പറഞ്ഞത്. വ്യാഴാഴ്ച പരീക്ഷ നടക്കുന്നതിനാൽ രോഗികളെ രാവിലെ വാർഡിൽ നിന്നും മാറ്റണമെന്ന കാര്യം രാത്രി പത്തിനാണ് തന്നെ അറിയിച്ചതെന്നാണ് സ്റ്റാഫ് നഴ്‌സ് രോഗികളുടെ കൂട്ടിരിപ്പുകാരോടു പറഞ്ഞത്.

പരീക്ഷ കഴിഞ്ഞു വൈകിട്ട് അഞ്ചോടെ രോഗികളെ വാർഡിലേക്കു തിരികെ മാറ്റി. ഈ സമയം ജീവനക്കാരും സഹായത്തിനെത്തി. വരാന്തയിൽ ഫാൻ പോലും ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയതായി പല രോഗികളും പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു പരീക്ഷാ ഹാൾ മാത്രമാണുള്ളതെന്നും പിജി വിദ്യാർഥികളുടെ രണ്ട് പരീക്ഷകൾ ഒരുമിച്ചു വന്നതിനാലാണ് വാർഡിലെ രോഗികളെ മാറ്റിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News