ഭാരതാംബയെ കൈയൊഴിയാതെ രാജ്ഭവന്‍; കേരളപ്പിറവി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയിലും ശ്യാമ പ്രസാദ് മുഖർജി ദിനാചരണത്തിലും ചിത്രം ഒഴിവാക്കിയിരുന്നു
തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷത്തിലും കാവി കൊടിയേന്തിയ ഭാരതാംബ. രാജ്ഭവനിൽ സംഘടിപ്പിച്ച ദിനാഘോഷത്തിലാണ് കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം വെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയിലും ശ്യാമ പ്രസാദ് മുഖർജിദിനാചരണത്തിലും ചിത്രം ഒഴിവാക്കിയിരുന്നു. നേരത്തെ രാജ്ഭവനിലെ മാഗസിനായ രാജഹംസത്തിന്റെ പ്രകാശനത്തിന്റെ ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നു. ഈ പരിപാടിയിൽ നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നില്ല. രാജ്ഭവനിലെ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഒഴിവാക്കില്ല എന്നായിരുന്നു നേരത്തെ ഗവർണർ സ്വീകരിച്ച നിലപാട്.
പരിസ്ഥിതിദിനത്തിൽ കാർഷിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പരിപാടി കൃഷി മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്‌കരിക്കുകയും പരിപാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.അതിന് പിന്നാലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ പരിപാടിയിൽ നിന്ന് മന്ത്രി വി.ശിവൻകുട്ടിയും ഇറങ്ങിപ്പോന്നിരുന്നു. സര്‍ക്കാറും രാജ്ഭവനും തമ്മിലുള്ള പോരിലേക്കും ഈ സംഭവങ്ങള്‍ നയിച്ചു. തുടര്‍ന്ന് സര്‍ക്കാറും രാജ്ഭവനും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.