'യു.പി ജനത ആഗ്രഹിക്കുന്നത് കേരളത്തെപ്പോലെയാകാൻ'; യോഗിക്ക് പിണറായിയുടെ മറുപടി

വോട്ടർമാർക്ക് പിഴവ് പറ്റിയാൽ ഉത്തർപ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശം

Update: 2022-02-10 08:43 GMT
Advertising

കേരളത്തെക്കുറിച്ചുള്ള യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ വിവാ​​ദ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

'യു.പി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യു.പിയും മാറും. കേരളം പോലെ ആകണമെന്നാണ് യു.പിയിലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോ​ഗിക്കുള്ളത്' പിണറായി ട്വീറ്റ് ചെയ്തു. 

വോട്ടർമാർക്ക് പിഴവ് പറ്റിയാൽ ഉത്തർപ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശം. ഭയരഹിതമായി ജീവിക്കാൻ എല്ലാവരും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷം സംസ്ഥാനത്ത് പല അത്ഭുതങ്ങളും നടന്നു. എന്തെങ്കിലും പിഴവ് നിങ്ങൾക്കു സംഭവിച്ചാൽ ഈ അഞ്ചു വർഷത്തെ പ്രയത്നം വൃഥാവിലാകുമെന്നും യോഗി പറഞ്ഞു. ഉത്തർപ്രദേശ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് യോഗിയുടെ വീഡിയോ പങ്കുവെച്ചത്. 

അതേസമയം, ഉത്തര്‍പ്രദേശിനോട് കേരളത്തെ പോലെയാകാന്‍ ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. ബഹുസ്വരത, ഐക്യം, വികസനം എന്നിവ തെരഞ്ഞെടുക്കുക. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനിക്കുന്ന ഇന്ത്യക്കാരാണെന്നും വി.ഡി ട്വീറ്റ് ചെയ്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News