ബഹാവുദ്ദീൻ നദ്‌വി ജൂദാസ് എന്ന് ജലീൽ; കണ്ണാടി കാണിച്ചു തരും ജൂദാസിനെ എന്ന് പികെ നവാസ്

സുപ്രഭാതത്തിന്റെ ചീഫ് എഡിറ്റർ സ്ഥാനത്തിരുന്ന് അതിനെ കൊല്ലാൻ ശ്രമിക്കുന്നത് ജൂദാസിനെ പോലും നാണിപ്പിക്കുമെന്നായിരുന്നു ജലീലിന്റെ പരാമർശം

Update: 2024-05-23 04:22 GMT
Advertising

കോഴിക്കോട്: സമസ്ത നേതാവ് ബഹാവുദ്ദീൻ കൂരിയാടിനെ ജൂദാസ് എന്ന് അധിക്ഷേപിച്ചതിൽ കെടി ജലീലിന് മറുപടിയുമായി എംഎസ്എഫ് നേതാവ് പികെ നവാസ്. സ്വന്തം വീട്ടിലെ കണ്ണാടി കാണിച്ചു തരും ജൂദാസിന്റെ മുഖമെന്നും ആ പട്ടം സമസ്ത നേതാക്കൾക്കെതിരെ വേണ്ടെന്നും നവാസ് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

അന്ന് താങ്കൾ ആദരണീയനായ സമസ്ത മുശാവറ അംഗം എം.ടി ഉസ്താദിനെ അറു വഷളനെന്ന് ആക്ഷേപിച്ചു.

ഇന്ന് മുശാവറ അംഗം ആദരണീയനായ ബഹാവുദ്ദീൻ ഉസ്താദിനെ താങ്കൾ വിളിച്ചത് ' തൊരപ്പൻ പണിയെടുക്കുന്നവർ, ജുതാസെന്നുമാണ്''

നാവിന് എല്ലില്ലെന്ന് കരുതി, ആദരണീയരായ സമസ്തയുടെ മുശാവറാ അംഗങ്ങളെ ഇങ്ങനെ ആക്ഷേപിക്കാൻ താങ്കൾ ആരാണ്.?

സി.പി.എമ്മിന്റെ വരാന്തയിൽ ചുരുണ്ടു കൂടി രാകിനാവ് കാണുന്ന താങ്കൾ സമസ്തയുടെ മുശാവറ അംഗങ്ങളെ തെറിവിളിച്ച് അധിക്ഷേപിച്ചാൽ, ആ കിനാവുകൾ സാഫല്യമാകും എന്ന വിചാരമുണ്ടെങ്കിൽ താങ്കൾ പാഴ്‌സ്വപ്നക്കാരനാണ്.

ഇടത് പക്ഷത്തിന്റെ തോളിലേറി തന്റെ കേവലമായ അധികാര താത്പര്യത്തിന് ഈ സമുദായത്തെ ഒറ്റുകൊടുത്ത താങ്കളാണ് ജൂതാസ് എന്ന പേരിനുള്ള യഥാർത്ഥ അവകാശി.സ്വന്തം വീട്ടിലെ കണ്ണാടി കാണിച്ചു തരും ആ ജൂദാസിന്റെ മുഖം. ആ പട്ടം സമസ്തയുടെ നേതാക്കൾക്കെതിരെ വേണ്ട.!

Full View

വിശ്വാസത്തിന്റെ അടിത്തറയിൽ നിന്ന് ബഹുമാന്യരായ പണ്ഡിതൻമാർ നിലപാട് പറയുമ്പോൾ, താങ്കൾ അവരെ പരിഹസിക്കുന്നത് ചിലരെ സംതൃപ്ത്തിപ്പെടുത്താനാണെന്നറിയാം. ആ സംതൃപ്തി സമസ്തയുടെ നേതാക്കളെ പ്രതികളാക്കിയും അധിക്ഷേപിച്ചും വേണ്ട.!

ബഹു: സമസ്തക്ക് വേണ്ടി ഒരു പോസ്റ്ററൊട്ടിക്കാത്ത ഒരു തുള്ളി വിയർപ്പൊഴുക്കാത്ത താങ്കൾ ഞങ്ങളുടെ പണ്ഡിതന്മാരെ അളക്കാൻ വരരുത്.! എ.കെ.ജി സെന്ററിലെ അളവ് കോൽ വെച്ച് സമസ്തയുടെ നേതാക്കളെ അളക്കാൻ നിൽക്കരുത്.

ഇ.എം.എസ്സും, എ.കെ.ജി യുമില്ലാത്ത സ്വർഗ്ഗം എനിക്ക് വേണ്ടെന്ന് പണ്ട് താങ്കൾ പറഞ്ഞപോലെ ബഹു: സമസ്തയുടെ ഒരു ഘടകത്തിലും അംഗത്വമില്ലാത്ത താങ്കളുടെ ഉപദേശം ഞങ്ങൾക്കാവശ്യാമില്ല. നാലായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി.

കൗശലക്കാരനായ കുറുക്കനെ പോലെ ഇവിടെനിന്ന് ഒരു തുള്ളി രക്തമാഗ്രഹിക്കുന്ന താങ്കളുടെ വികൃത മനസ്സിന് വർത്തമാന സാഹചര്യത്തിൽ കയ്യടി പ്രതീക്ഷിക്കുന്നുവെങ്കിൽ, ഒരു കാര്യം മാത്രം പറയാം 'സമുദായ ചിദ്രതയിലാണ് തന്റെ രാഷ്ട്രീയ ലാഭമെന്നും തിരിച്ചറിഞ്ഞ താങ്കളെ പോലോത്ത മീർ ജാഫർമാരെ തിരിച്ചറിയാത്ത പ്രശ്‌നം സമുദായത്തിനില്ല'.

_പികെ നവാസ്_

സുപ്രഭാതത്തിന്റെ ചീഫ് എഡിറ്റർ സ്ഥാനത്തിരുന്ന് അതിനെ കൊല്ലാൻ ശ്രമിക്കുന്നത് ജൂദാസിനെ പോലും നാണിപ്പിക്കുമെന്നും സമസ്ത മുശാവറയിലല്ല, ബഹാവുദ്ദീൻ കൂരിയാട് മുസ്‌ലിം ലീഗിന്റെ ഹൈപവർ കമ്മിറ്റിയിൽ ആണ് അംഗമാകേണ്ടതെന്നുമായിരുന്നു ജലീലിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീൽ സമസ്ത നേതാവിനെതിരെ ആക്ഷേപമുന്നയിച്ചത്. ചന്ദ്രികക്ക് നല്ലൊരു ചീഫ് എഡിറ്ററില്ലെന്നും ആ പദവി അലങ്കരിക്കാൻ സുപ്രഭാതത്തിൽ നിന്ന് രാജി വച്ച് പോകുന്നതാണ് നല്ലതെന്നും ജലീൽ പരിഹസിച്ചിരുന്നു.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

'സുപ്രഭാതത്തിൽ' വേലിതന്നെ വിള തിന്നുന്നു!

എം.വി രാഘവനും സി.പി ജോണും കെ.കെ രമയും ഒരുമതത്തിലും വിശ്വസിക്കാത്ത തികഞ്ഞ നിരീശ്വരവാദികളായ കമ്മ്യുണിസ്റ്റുകാരാണ്. അവരെയൊന്നും എതിർക്കാതെ, ലീഗ്‌സുന്നി നേതാവ് ഡോ: ബഹാവുദ്ദീൻ കൂരിയാട് സി.പി.എം നേതാക്കളെ മാത്രം വേറിട്ട് നിർത്തി അക്രമിക്കുന്നതിലെ 'താൽപര്യം' സുന്നിസത്തോടുള്ള ആഭിമുഖ്യമല്ലെന്ന് ആർക്കാണ് അറിയാത്തത്? പ്രാക്ടീസിംഗ് മുസ്ലിങ്ങളല്ലാത്ത നിരവധി പേർ കോൺഗ്രസ്സിന്റെ നേതൃത്വത്തിലും പ്രവർത്തകരിലും ഉണ്ട്. ലീഗുകാരുടെ കൂട്ടത്തിൽ പോലും അത്തരം ആളുകളെ കാണാം. അവരെ തുറന്നു കാട്ടാൻ എന്താണ് കൂരിയാട് സാഹിബ് ചാനലുകൾക്ക് അഭിമുഖം നൽകാത്തത്?

നിരീശ്വരവാദത്തെക്കാൾ ഇസ്ലാം എതിർത്തത് ബഹുദൈവ ആരാധനയെ അല്ലേ? ലോകത്തിലെ ഏറ്റവും വലിയ പാപം ''ഷിർക്ക്' ആണെന്നല്ലേ നദവി സാഹിബേ അങ്ങയുടെ പക്ഷം? ബഹുദൈവ വിശ്വാസികളായ എത്ര UDF നേതാക്കളെയും മന്ത്രിമാരെയും പട്ടിക്കാട് ജാമിഅയുടെ പരിപാടിക്ക് ക്ഷണിക്കുകയും അവരുടെ പ്രസംഗത്തെ തക്ബീർ ചൊല്ലി സുന്നി പ്രവർത്തകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്? അതിലൊന്നും കാണാത്ത അപരാധം സി.പി.എം നേതാക്കളുടെ കാര്യത്തിത്തിൽ മാത്രം കാണുന്നത് 'ലീഗ്‌പ്രേമ'മല്ലാതെ മറ്റെന്താണ്? ഡോ: കൂരിയാട് ചീഫ് എഡിറ്ററായ പത്രം ഉൽഘാടനം ചെയ്തത് ഉമ്മൻചാണ്ടിയും കോടിയേരിയും സമസ്ത നേതാക്കളും ഉൾപ്പടെ പത്തോളം മഹത് വ്യക്തികൾ ചേർന്നാണ്. അന്നും സുന്നി പ്രവർത്തകർ തക്ബീർ ചൊല്ലിയാണ് ചടങ്ങിന് സാക്ഷികളായത്. ബഹാവുദ്ദീൻ സാഹിബിന് കോടിയേരിയോട് അന്ന് തോന്നാത്ത 'കമ്മ്യൂണിസ്റ്റ്' വിരോധം ഇപ്പോൾ ഉണ്ടായതിന്റെ 'ഗുട്ടൻസ്' അരിയാഹാരം കഴിക്കുന്നവർക്ക് തിരിയും!

Full View

സുപ്രഭാതത്തിന്റെ ചീഫ് എഡിറ്റർ സ്ഥാനത്തിരുന്ന് അതിനെ കൊല്ലാൻ ശ്രമിക്കുന്നത് ജൂതാസിനെപ്പോലും നാണിപ്പിക്കും. 'ചന്ദ്രിക'ക്ക് ഇപ്പോൾ നല്ലൊരു ചീഫ് എഡിറ്ററില്ല. ആ പദവി അലങ്കരിക്കാൻ 'സുപ്രഭാത'ത്തിൽ നിന്ന് രാജിവെച്ച് പോകലല്ലേ ഡോക്ടർ സാഹിബേ ഭംഗി? അങ്ങ് സമസ്തയുടെ മുശാവറയിലല്ല അംഗമാകേണ്ടത്. മുസ്ലിംലീഗിന്റെ ഹൈപവർ കമ്മിറ്റിയിലാണ്. സയ്യിദുൽ ഉലമാ ജിഫ്രിമുത്തുക്കോയ തങ്ങളുടെയും ശൈഖുൽ ജാമിഅ പ്രൊഫസർ കെ ആലിക്കുട്ടി മുസ്ല്യാരുടെയും നിലപാടിൽ ഒരു പിശകും സംഭവിച്ചിട്ടില്ല. അവരാണ് ശരിയെന്ന് വൈകാതെ താങ്കൾക്ക് ബോദ്ധ്യമാകും. നദവി സാഹിബേ അങ്ങേക്കാണ് തെറ്റ് പറ്റിയത്, സമസ്തയുടെ നേതൃത്വത്തിനല്ല.

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന താങ്കൾ കപ്പലിൽ വെള്ളമില്ലാതായപ്പോൾ താഴത്തെ നിലയിൽ ഓട്ടയുണ്ടാക്കി പ്രശ്‌നം പരിഹരിച്ച 'തൊരപ്പന്റെ' പണിയാണ് എടുക്കുന്നത്. സുന്നിസത്തിന്റെ കാര്യം വരുമ്പോൾ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും താനൊരു 'സമസ്ത'ക്കാരനാണെന്ന് പറയാൻ എന്തേ താങ്കൾക്ക് കഴിയുന്നില്ല? മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം 'സമസ്ത' എന്ത് നേട്ടമാണ് മുസ്ലിം സമുദായത്തിന് നേടിക്കൊടുത്തതെന്ന് ചോദിച്ച് സയ്യിദുനാ ജിഫ്രി തങ്ങളുൾപ്പടെയുള്ള മുഴുവൻ പണ്ഡിതശ്രേഷ്ഠരേയും വലിച്ചുകീറി അവഹേളിച്ചപ്പോൾ ബഹാവുദ്ദീൻ സാഹിബേ, എന്തേ അങ്ങയുടെ നാക്ക് പൊങ്ങിയില്ല? അങ്ങയെപ്പോലുള്ള 'ഒറ്റുകാരെ' ഉപയോഗിച്ച് സമസ്തയെന്ന കപ്പൽ മുക്കാനാണ് ലീഗിന്റെ ശ്രമം. ആ സത്യം സമസ്തയുടെ പ്രവർത്തകർ ഉൾക്കൊണ്ടില്ലെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയെ ലീഗിന്റെ മറ്റൊരു പോഷക സംഘടനയാക്കി അവർ മാറ്റും. അതിനവർ 'സ്വതന്ത്ര പണ്ഡിത തൊഴിലാളി യൂണിയൻ' എന്ന് പേരും നൽകും. അതിന്റെ പ്രസിഡണ്ടായി ഡോ: ബഹാവുദ്ദീൻ കൂരിയാടിന് ആജീവനാന്തം വാഴാം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News