പാലക്കാട്: ഭരണത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി സിപിഎം തോന്നിവാസം നടത്തിയെന്ന് പി.കെ ശശി. ക്രൂരമായി ആക്രമിക്കപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും പാര്‍ട്ടിക്കകത്തുണ്ടെന്നും പലരെയും നേതാക്കള്‍ ഭീഷണിപ്പെടുത്തിവെച്ചിരിക്കുകയാണെന്നും ശശി പറഞ്ഞു. മാധ്യമങ്ങള്‍ പറയുന്നത് പോലെ വിമത കണ്‍വെന്‍ഷനല്ല ഇവിടെ നടക്കുന്നതെന്നും ആത്മാഭിമാനം പണയം വെക്കാത്ത വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണിതെന്നും ശശി പറഞ്ഞു. പാലക്കാട്ടെ സിപിഎം വിമത വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാലക്കാട്ട് ഇന്ന് ഇവിടെ നടക്കുന്ന പരിപാടിയെക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നത് വിമത കണ്‍വെന്‍ഷനാണെന്നാണ്. തന്നെ പറ്റി മാധ്യമങ്ങള്‍ക്ക് നല്ല അഭിപ്രായമില്ല. ഇവിടെ നടക്കുന്നത് വിമത കണ്‍വെന്‍ഷനല്ല. ആത്മാഭിമാനം പണയം വെക്കാത്ത വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണ്. ഇത്തരമൊരു പരിപാടി ഞങ്ങളാരും ആഗ്രഹിച്ചതായിരുന്നില്ല. മറിച്ച് ഞങ്ങളെല്ലാം നിര്‍ബന്ധിതരായതാണ്. സിപിഎം പാര്‍ട്ടി ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തോന്നിവാസം നടത്തിക്കൊണ്ടിരിക്കുകയാണ്. കള്ള് കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെ പ്രതികളെ അടക്കം പാര്‍ട്ടിയിലെടുക്കുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ശരിയായി പ്രവര്‍ത്തിച്ചിട്ടും നടപടി നേരിടേണ്ടിവന്നവര്‍, തരംതാഴ്ത്തപ്പെട്ടവര്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടവര്‍ എന്നിവരാണ് ഈ പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്'. ശശി വ്യക്തമാക്കി.
''കഞ്ചാവ് വലിക്കാരൻ ഉയര്‍ന്ന നേതാവായി. പിന്നെ എറണാകുളത്ത് നിന്നൊരു സത്വം വന്നിട്ടുണ്ട്. ഓനെങ്ങിനെയാണ്ന്ന് വച്ചാ ഫുള്ളായിട്ട് കഞ്ചാവടിക്കും.ഇങ്ങനെ നിവര്‍ന്നുനിൽക്കില്ല. അടുത്തുനിൽക്കുന്ന ആളുടെ ദേഹത്ത് ചാരിയാണ് നിൽക്കുക. കാരണം എപ്പോഴാണ് വീഴുന്നതെന്ന് പറയാൻ പറ്റില്ല.ചാരി നിന്നിട്ടാണ് അവന്‍റെ പ്രസംഗം. ഇവരൊക്കെ സിപിഎമ്മിന്‍റെ വിവിധ കമ്മറ്റികളിൽ കയറി'' ശശി ആരോപിക്കുന്നു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരെയും പി.കെ ശശി ആരോപണമുന്നയിച്ചു. നിരവധി മഹാന്മാര്‍ ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കടത്തുകാരന്‍ ഇരിക്കുന്നതെന്നായിരുന്നു ആക്ഷേപം.
'ഇമ്പിച്ചി ബാവയും ടി.ശിവദാസമേനോനും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കടത്തുകാരന്‍ ഇരിക്കുന്നത്. നിരവധി മഹാന്മാര്‍ ഇരുന്ന കസേരയാണിത്. നല്ല രീതിയില്‍ സംസാരിക്കുന്ന രണ്ട് സഖാക്കളെ കണ്ടാല്‍ അവരെ ശത്രുക്കളാക്കുകയാണ് ജില്ലാ സെക്രട്ടറിയുടെ പണി. എങ്ങനെയാണ് മനുഷ്യരെ ഇങ്ങനെ തമ്മില്‍ തെറ്റിക്കാന്‍ സാധിക്കുന്നത്. ജില്ലാ സെക്രട്ടറിയോടുള്ള വിരോധം മൂലം പലരും പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിലേക്കും ലീഗിലേക്കുമായി പലരും കൂടുമാറി.'
സുരേഷ് ബാബുവിനോട് വിരോധമുള്ളവരെ വെച്ച് കണ്‍വെന്‍ഷന്‍ നടത്തുകയാണെങ്കില്‍ കോട്ടമൈതാനം മതിയാവില്ലെന്നും ശശി പറഞ്ഞു.
'തെറ്റ് തിരുത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറാവുകയാണെങ്കില്‍ സിപിഎമ്മിനൊപ്പം നില്‍ക്കും. കള്ള് കച്ചവടക്കാരന്റെ കയ്യില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കാന്‍ തയ്യാറായാല്‍ എല്ലാവരും പാര്‍ട്ടിക്കൊപ്പം ഉണ്ടാകും.'
'ശശി വിരോധികളെ പാര്‍ട്ടി തിരുകികയറ്റിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ കണ്‍വെന്‍ഷന്‍ തകര്‍ക്കാന്‍ പോലും പലരും ശ്രമിച്ചു. ഫലസ്തീന്‍ യൂറോപ്പിലാണെന്ന് പറഞ്ഞ വ്യക്തിയാണ് സുരേഷ് ബാബു. അക്ഷരം കണ്ടാല്‍ ഉറക്കം വരുന്ന അയാള്‍ പത്രം വായിക്കാറുമില്ല. കോങ്ങാട് മണ്ഡലത്തില്‍ സിപിഎം തോല്‍ക്കുമെന്നാണ് പറയാനുള്ളത്. സിപിഎം നേതാക്കളുടെ മുന്‍പില്‍ വാലാട്ടി നില്‍ക്കാന്‍ തനിക്കാവില്ല.' കോടിയേരി മരിച്ചതോടെ പാര്‍ട്ടിയില്‍ വന്‍ ശൂന്യതയുണ്ടായെന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ മനുഷ്യരെ ചേര്‍ത്ത് പിടിക്കുമായിരുന്നുവെന്നും ശശി കൂട്ടിച്ചേര്‍ത്തു.