കോഴിക്കോട്: അന്യായമായി തടവറയിൽ ഹോമിക്കപ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ക്കൊരുക്കിയ ഇഫ്താര്‍ വിരുന്നിനെക്കുറിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കണ്ണൂരില്‍ വെച്ചായിരുന്നു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇവര്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കിയത്.
'ഇന്നൊരു നോമ്പ് തുറ സൽക്കാരമുണ്ടായിരുന്നു. അമിതാഹ്ലാദമോ അലങ്കാരങ്ങളോ വി.വി.ഐ.പി സാന്നിധ്യമോ പത്രക്കാരുടെ ഫ്ലാഷ് ലൈറ്റുകളോ ഒന്നുമില്ലാത്ത, സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ ഒത്തുചേരൽ. എന്നാൽ ആ മുഖങ്ങളിലെല്ലാം ലോകം കാണാത്ത അസാധാരണമായ ചില സഹനങ്ങളുടെ കഥകളുണ്ടായിരുന്നു'- തൗഫീഖ് മമ്പാട് എഴുതുന്നു.
'അവിടെ ഇരുന്ന ഓരോ മുഖത്തേക്കും നോക്കുമ്പോൾ നെഞ്ചിലൊരു കനൽ വന്നു വീഴുകയായിരുന്നു. ഒന്നുകിൽ മകൻ, അല്ലെങ്കിൽ പ്രിയതമൻ, അതുമല്ലെങ്കിൽ ഉപ്പ. പത്തും പതിമൂന്നും പതിനേഴും വർഷങ്ങളായി അന്യായമായി തടവറയിൽ ഹോമിക്കപ്പെട്ടവരുടെ പ്രിയപ്പെട്ടവരായിരുന്നു അവർ. ആ ഉമ്മമാരും സഹോദരിമാരും വെറും ഇരകളല്ല, മറിച്ച് തളരാത്ത പോരാട്ടവീര്യമുള്ള വിപ്ലവകാരികളാണ്,
കയ്യിലൊരു ഈത്തപ്പഴം എടുക്കുമ്പോഴും ആ ഉമ്മമാരുടെ മനസ്സ് ഇരുമ്പഴികൾക്കുള്ളിലെ ആ ഇരുണ്ട സെല്ലുകളിലായിരിക്കാം. "ഇത്രയും കാലമായി എന്റെ മകൻ അവിടെ എങ്ങനെയാവും ഈ നോമ്പ് തുറന്നിട്ടുണ്ടാവുക? ഒരിറക്ക് വെള്ളം കുടിക്കാൻ അവന് ആരെങ്കിലും കൊടുത്തു കാണുമോ?" അവന് ഇഷ്ടപ്പെട്ട നോമ്പ് വിഭവം എന്തെങ്കിലും കിട്ടിയിരിക്കുമോ. ഈ ചിന്തകൾക്കിടയിൽ അവർക്ക് എങ്ങനെയാണ് നോമ്പ് വിഭവം തൊണ്ടക്കുഴിയിൽ നിന്ന് താഴേക്ക് ഇറങ്ങുക?
ഈ നീതി പോരാട്ടത്തിൽ ഞങ്ങളോടൊപ്പം നിലകൊള്ളുന്ന മനുഷ്യാവകാശ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പിന്തുണ ഞങ്ങൾക്ക് വലിയ കരുത്താണ് നൽകുന്നതെന്നും'- അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നൊരു നോമ്പ് തുറ സൽക്കാരമുണ്ടായിരുന്നു. അമിതാഹ്ലാദമോ അലങ്കാരങ്ങളോ വി.വി.ഐ.പി സാന്നിധ്യമോ പത്രക്കാരുടെ ഫ്ലാഷ് ലൈറ്റുകളോ ഒന്നുമില്ലാത്ത, സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ ഒത്തുചേരൽ. എന്നാൽ ആ മുഖങ്ങളിലെല്ലാം ലോകം കാണാത്ത അസാധാരണമായ ചില സഹനങ്ങളുടെ കഥകളുണ്ടായിരുന്നു.
അവിടെ ഇരുന്ന ഓരോ മുഖത്തേക്കും നോക്കുമ്പോൾ നെഞ്ചിലൊരു കനൽ വന്നു വീഴുകയായിരുന്നു. ഒന്നുകിൽ മകൻ, അല്ലെങ്കിൽ പ്രിയതമൻ, അതുമല്ലെങ്കിൽ ഉപ്പ...പത്തും പതിമൂന്നും പതിനേഴും വർഷങ്ങളായി അന്യായമായി തടവറയിൽ ഹോമിക്കപ്പെട്ടവരുടെ പ്രിയപ്പെട്ടവരായിരുന്നു അവർ. ആ ഉമ്മമാരും സഹോദരിമാരും വെറും ഇരകളല്ല, മറിച്ച് തളരാത്ത പോരാട്ടവീര്യമുള്ള വിപ്ലവകാരികളാണ്. സാധാരണക്കാരിൽ അസാധാരണത്വം ഒളിപ്പിച്ചുവെച്ച അവരാണ് ഞങ്ങളുടെ ഓരോ ചുവടുവെപ്പിനും വലിയ പ്രചോദനം.
കയ്യിലൊരു ഈത്തപ്പഴം എടുക്കുമ്പോഴും ആ ഉമ്മമാരുടെ മനസ്സ് ഇരുമ്പഴികൾക്കുള്ളിലെ ആ ഇരുണ്ട സെല്ലുകളിലായിരിക്കാം. "ഇത്രയും കാലമായി എന്റെ മകൻ അവിടെ എങ്ങനെയാവും ഈ നോമ്പ് തുറന്നിട്ടുണ്ടാവുക? ഒരിറക്ക് വെള്ളം കുടിക്കാൻ അവന് ആരെങ്കിലും കൊടുത്തു കാണുമോ?" അവന് ഇഷ്ടപ്പെട്ട നോമ്പ് വിഭവം എന്തെങ്കിലും കിട്ടിയിരിക്കുമോ. ..
ഈ ചിന്തകൾക്കിടയിൽ അവർക്ക് എങ്ങനെയാണ് നോമ്പ് വിഭവം തൊണ്ടക്കുഴിയിൽ നിന്ന് താഴേക്ക് ഇറങ്ങുക?
പ്രിയതമന്റെ അസാന്നിധ്യത്തിൽ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട ഭാര്യമാരുടെ അവസ്ഥ വിവരണാതീതമാണ്. മക്കൾ വളരുന്നത് ഉപ്പയില്ലാതെയാണ്. ഓരോ പെരുന്നാളിനും ഓരോ നോമ്പ് തുറക്കും ഉപ്പയെവിടെ എന്ന് ചോദിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകളിലെ ശൂന്യത നമ്മെ പൊള്ളിക്കേണ്ടതാണ്. നീതി വൈകുമ്പോൾ ആ കുഞ്ഞുങ്ങളുടെ ബാല്യവും സ്വപ്നങ്ങളുമാണ് തടവറയ്ക്കുള്ളിൽ ഹോമിക്കപ്പെടുന്നത്.
മാധ്യമങ്ങളും ചാനലുകളും പച്ചക്കള്ളങ്ങൾ എഴുതിപ്പിടിപ്പിക്കുകയും നുണപ്രചരണങ്ങൾ നടത്തുകയും ചെയ്തപ്പോൾ, ഈ ഉമ്മയും ഭാര്യയും കുഞ്ഞുങ്ങളുമെല്ലാം ലോകത്തിന് മുന്നിൽ വേട്ടയാടപ്പെട്ടവരാണ്. ലോകം മുഴുവൻ കൈവിട്ട് അവർ ഒറ്റപ്പെട്ടുപോയ നേരത്ത് അവരെ ചേർത്തുപിടിക്കാൻ സോളിഡാരിറ്റി ഉണ്ടായിരുന്നു എന്നത് ഒരു പ്രസ്ഥാനം എന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു.
ഈ നീതി പോരാട്ടത്തിൽ ഞങ്ങളോടൊപ്പം നിലകൊള്ളുന്ന മനുഷ്യാവകാശ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പിന്തുണ ഞങ്ങൾക്ക് വലിയ കരുത്താണ് നൽകുന്നത്.
ഒടുവിൽ എല്ലാവരോടുമായി ഒരു പ്രാർത്ഥനാ വസ്വിയ്യത്തുണ്ട്...
നീണ്ട പതിനാറ് വർഷമായി മകന്റെ വരവ് കാത്തിരിക്കുന്ന സക്കരിയയുടെ ഉമ്മ ബിയുമ്മ ഇപ്പോൾ ആശുപത്രിയിലാണ്. നേരത്തെ തന്നെ സ്ട്രോക്ക് വന്ന് തളർന്ന ആ ഉമ്മ, മൂന്ന് ദിവസം മുമ്പ് വീഴ്ചയിൽ പരിക്കേറ്റ് കൂടി ചികിത്സയിൽ കഴിയുകയാണ്. ആ ഉമ്മയുടെ പ്രാർത്ഥനകൾക്കും കണ്ണീരിനും ഉടൻ ഉത്തരം ലഭിക്കട്ടെ.
തന്റെ മകൻ വന്ന് ആ നെഞ്ചിൽ ചേരുന്ന സമയം വരെ ആ ഉമ്മയ്ക്ക് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കൂ റബ്ബേ...
നീതിയുടെ പുലരിക്കായി, ആ തടവറകൾ തുറക്കപ്പെടാനായി നമുക്ക് പ്രാർത്ഥിക്കാം. ഈ പോരാട്ടത്തിൽ സോളിഡാരിറ്റി എന്നും നിങ്ങളോടൊപ്പമുണ്ട്.