ഗവർണറുടെ നീക്കം; യുഡിഎഫില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് പി.എം.എ സലാം

ലീഗിന്‍റെ നിലപാടിനെ മുഖ്യമന്ത്രി പുകഴ്ത്തിയെങ്കില്‍ സർക്കാർ തെറ്റ് ചെയ്തുവെന്ന് അദ്ദേഹം സമ്മതിച്ചെന്ന് പി.എം.എ സലാം

Update: 2022-10-24 09:11 GMT
Advertising

ഗവർണറുടെ നീക്കത്തിൽ യുഡിഎഫില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. വിസിമാരുടെ നിയമനം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ്. എന്നാൽ ഗവർണർ വിസിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത് ശരിയല്ല. ലീഗിന്‍റെ നിലപാടിനെ മുഖ്യമന്ത്രി പുകഴ്ത്തിയെങ്കില്‍ സർക്കാർ തെറ്റ് ചെയ്തുവെന്ന് അദ്ദേഹം സമ്മതിച്ചെന്നും പി.എം.എ സലാം പറഞ്ഞു.

യു.ഡി.എഫില്‍ ആശയക്കുഴപ്പം

വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയിൽ യു.ഡി.എഫില്‍ ആശയക്കുഴപ്പം. ഗവർണറുടെ നീക്കത്തെ തുടക്കത്തിൽ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവിനെ തള്ളി കെ സി വേണുഗോപാൽ രംഗത്തെത്തി.  ഗവർണറുടെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് മുസ്‍ലിം ലീഗ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നിലപാടിനെ വിമർശിച്ച മുഖ്യമന്ത്രി, ലീഗ് നിലപാട് സ്വാഗതം ചെയ്തു.

പ്രതിപക്ഷം ഇത്രയും നാളും ചൂണ്ടികാട്ടിയ തെറ്റ് തിരുത്തുകയാണ് ഗവര്‍ണര്‍ ചെയ്തത് എന്നായിരുന്നു ഗവർണറുടെ ഉത്തരവിന് പിന്നാലെ പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സമാന നിലപാടായിരുന്നു കെ മുരളീധരന്‍ എംപിയുടേതും. എന്നാൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ് ഗവർണറുടെ നടപടിയെന്നാണ് കെ.സി വേണുഗോപാലിന്‍റെ നിലപാട്. ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ തിരുത്താനെന്ന പേരിൽ ഭരണഘടനാ മൂല്യങ്ങൾക്ക്‌ വിരുദ്ധമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ലീഗിന്‍റെ ശബ്ദം വ്യത്യസ്തമാണെന്നും പ്രതിപക്ഷ നേതാവ് ബിജെപി ക്ക് കൂട്ടുനിൽക്കുകയാണെന്നുമായിരുന്നു പ്രതിപക്ഷ പ്രതികരണങ്ങളോട് മുഖ്യമന്ത്രി യുടെ മറുപടി. ഗവർണർക്കുള്ള പിന്തുണയിൽ യുഡിഎഫിന് വ്യത്യസ്ത അഭിപ്രായമില്ലെന്നും അങ്ങിനെയുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News