'കൊടുത്തയച്ചത് ഒരു കിലോ സ്വർണം, വിമാനത്തിൽ കയറും മുമ്പ് മറ്റാർക്കോ കൈമാറിയെന്ന് സംശയം'; പ്രവാസിയുടെ കൊലപാതകത്തിൽ പൊലീസ്

ജിദ്ദയിൽ നിന്ന് മുഖ്യപ്രതി യഹിയയും സുഹൃത്തുക്കളും ആസൂത്രണം ചെയ്ത സ്വർണക്കടത്തായിരുന്നിതെന്ന്‌ പൊലീസ്

Update: 2022-05-24 08:20 GMT
Advertising

പെരിന്തൽമണ്ണ: അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിനെ വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ജലീലിന്റെ കൈവശം കൊടുത്തുവിട്ട സ്വർണം ലഭിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വിമാനത്തിൽ കയറുന്നതിനു മുമ്പ് തന്നെ സ്വർണം മറ്റാർക്കോ കൈമാറിയെന്ന് സംശയിക്കുന്നതായും പെരിന്തൽമണ്ണ ഡിവൈഎസ്പി പറഞ്ഞു. ജിദ്ദയിൽ നിന്ന് മുഖ്യപ്രതി യഹിയയും സുഹൃത്തുക്കളും ആസൂത്രണം ചെയ്ത സ്വർണക്കടത്തായിരുന്നിതെന്നും ഒരു കിലോയോളം സ്വർണമാണ് കൊടുത്തയച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പ്രതികളിൽ രണ്ടു പേർ വിദേശത്തേക്ക് കടന്നതായും അറിയിച്ചു. കൊടുത്തയച്ച സ്വർണം കണ്ടെടുക്കാനായിട്ടില്ലെന്നും കൊല്ലപ്പെട്ട ജലീലിന്റെ മറ്റു വസ്തുക്കളും കണ്ടെടുക്കേണ്ടതുണ്ടെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

അതേസമയം, മുഖ്യപ്രതി യഹിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ നിന്നാണ് ഇയാളെ പിടികൂടിയിരുന്നത്. അബ്ദുൽ ജലീലിനെ മർദിച്ച് അവശനാക്കിയ നിലയിൽ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ മുങ്ങുകയായിരുന്നു. ഇന്നലെ അർധരാത്രിയിലാണ് യഹിയയെ രഹസ്യകേന്ദ്രത്തിൽ നിന്ന് പിടികൂടിയത്. പാണ്ടിക്കാട് ഒരു വീടിന്റെ ശുചിമുറിയിൽ യഹിയ ഒളിവിൽ കഴിഞ്ഞിരുന്നു. ഇയാളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് ജലീലിന്റെ കൊലപാതകത്തിൽ എത്തിയതെന്ന് ഇതുവരെ പിടിയിലായ പ്രതികൾ മൊഴി നൽകിയിരുന്നു. എന്നാൽ യഹിയ ഇതിനു മുൻപ് സ്വർണക്കടത്ത് കേസുകളിൽ പ്രതിയായിട്ടില്ല.

മെയ് 19നാണ് ജലീലിനെ പരിക്കുകളോടെ യഹിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടതിനാൽ ആശുപത്രിയിൽ എത്തുക്കുകയായിരുന്നുവെന്നാണ് യഹിയ ആശുപത്രി അധികൃതരോട് പറഞ്ഞത്. പിന്നാലെ ഇയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി. എന്നാൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇയാളെ തിരിച്ചറിഞ്ഞു.

ജലീലിന്റെ മരണത്തിൽ തുടക്കം മുതൽ അടിമുടി ദുരൂഹതയായിരുന്നു. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം ജലീലിനെ കാണാതാവുകയായിരുന്നു. വിമാനത്താവളത്തിൽ വരേണ്ട, വീട്ടിലെത്താം എന്നാണ് ജലീൽ വീട്ടിൽ വിളിച്ചുപറഞ്ഞത്. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പിന്നാലെ ജലീൽ വീട്ടിൽ വിളിച്ച് അടുത്ത ദിവസമെത്തുമെന്നും പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മെയ് 19നാണ് പരിക്കേറ്റ നിലയിൽ ജലീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം മരണം സംഭവിച്ചു.

Police have released more details in the murder case of Abdul Jaleel, an expatriate from Agali.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News