നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യംചെയ്യും

ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക

Update: 2022-03-22 07:57 GMT
Advertising

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ചോദ്യംചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് ദിലീപിന് ഉടന്‍ നോട്ടീസ് നൽകും.

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യംചെയ്തിരുന്നു. തുടരന്വേഷണം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യംചെയ്യുന്നത്. കൂടുതല്‍ ആളുകളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

രണ്ട് മാസം മുന്‍പാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. മറ്റ് തെളിവുകള്‍ ശേഖരിച്ച ശേഷം ദിലീപിനെ ചോദ്യംചെയ്യാം എന്ന തീരുമാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. വിചാരണ വേളയില്‍ സാക്ഷികള്‍ കൂറുമാറുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം ദിലീപിനെ വീണ്ടും ചോദ്യംചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നേരത്തെ മൂന്നു ദിവസമാണ് ദിലീപിനെ ചോദ്യംചെയ്തത്.  

അതേസമയം വധഗൂഢാലോചന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. സുപ്രിംകോടതി അഭിഭാഷകന്‍ ഹാജരാകുന്നതിനായി സമയം അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സുപ്രിംകോടതി അഭിഭാഷകനായ സിദ്ധാര്‍ഥ് അഗര്‍വാളാണ് ദിലീപിന് വേണ്ടി ഹാജരാവുക.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാന്‍ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായ് ശങ്ക‍ർ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകനെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് സായ്ശങ്കർ ഹരജിയിൽ പറയുന്നു. അന്വേഷണത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നു എന്നും സായ് ശങ്കർ ആരോപിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News