ആദിവാസി യുവാവിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറിയപ്പോള്‍ ഉണ്ടായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു

Update: 2023-02-13 11:37 GMT
Advertising

കോഴിക്കോട്: വയനാട് മേപ്പാടി സ്വദേശി വിശ്വനാഥിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കാൽമുട്ടിലും തുടയിലുമായി ആറ് മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിൽ മുറിവേറ്റ പാടുകളില്ലെന്ന് ഫോറൻസിക് സർജൻ മൊഴി നൽകി. കേസിൽ ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർ രാജ്പാൽ മീണ പറഞ്ഞു. വലത് കാലിന്റേയും ഇടത് കാലിന്റേയും തുടയിലും കാൽമുട്ടിലും മുറിവുകളുണ്ട്.

ഇത് മരത്തിന് മുകളിലേക്ക് കയറിയപ്പോൾ ഉണ്ടായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആൾക്കൂട്ടം മർദിച്ചുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വിശ്വനാഥന്റെ കുടുംബം. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പൊലീസ് നടത്തിവരികയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. മോഷണക്കുറ്റം ആരോപിച്ച് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു.

അത് ദൃക്‌സാക്ഷികളും ശരിവെക്കുന്നു. ഇതിന് ശേഷം വിശ്വനാഥൻ മെഡിക്കൽ കോളേജിൽ നിന്നും ഓടിപോവുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. വിശ്വനാഥന്റെ ബാഗ് പരിശോധിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്നും ലഭിച്ചിരുന്നു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News