നിക്ഷേപത്തട്ടിപ്പ്: പ്രവീണ്‍ റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പൊള്ളാച്ചിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രവീൺ റാണ കഴിഞ്ഞ ദിവസം പൊലീസിൻറെ പിടിയിലാകുന്നത്

Update: 2023-01-13 02:39 GMT
Editor : Shaheer | By : Web Desk

കൊച്ചി: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

ഇന്നലെ ഉച്ചയൊടെയാണ് റാണയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. തുടർന്ന് കൊച്ചി ചെലവന്നൂരിലുള്ള ഫ്ലാറ്റിലെത്തിച്ച് റാണയെ തെളിവെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ, പണം ധൂർത്തടിച്ച് കളഞ്ഞെന്നാണ് റാണ പൊലീസിനോട് പറഞ്ഞത്. സുഹൃത്തിന് നൽകിയ 16 കോടി രൂപയേ പണമായി കൈയിലൂള്ളൂവെന്നും റാണ അറിയിച്ചിട്ടുണ്ട്. ബാക്കിതുക എവിടെയാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

Advertising
Advertising

പിടിയിലായത് പൊള്ളാച്ചിയില്‍നിന്ന്; ഒളിവില്‍ താമസിച്ചത് സ്വാമി വേഷത്തില്‍

പൊള്ളാച്ചിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രവീൺ റാണ കഴിഞ്ഞ ദിവസം പൊലീസിൻറെ പിടിയിലാകുന്നത്. ദേവരായപുരത്തെ കരിങ്കൽ ക്വാറിയിൽ ക്വാറി തൊഴിലാളിയുടെ കൂടെയായിരുന്നു പ്രവീൺ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ സ്വാമി വേഷത്തിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. റാണക്കൊപ്പം അംഗരക്ഷകരായ രണ്ടുപേരും പൊലീസിൻറെ കസ്റ്റഡിയിലായിട്ടുണ്ട്.

പെരുമ്പാവൂർ സ്വദേശിയായ ഒരാളായിരുന്നു ഇവിടെ ഒളിസങ്കേതം ഒരുക്കിയത്. ഇവിടെ നിന്ന അതിഥി തൊഴിലാളിയുടെ ഫോണിൽ നിന്ന് വീട്ടുകാരെ പ്രവീൺ റാണ വിളിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പൊലീസ് ഒളിയിടം കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് ബലം പ്രയോഗിച്ചാണ് പൊലീസ് റാണയെ കീഴ്‌പ്പെടുത്തിയത്.

കഴിഞ്ഞ ആറിനാണ് പ്രവീൺ റാണ സംസ്ഥാനം വിട്ടത്. നേപ്പാൾ വഴി ഇയാൾ രാജ്യം വിടുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ന് പിടിയിലാകുന്നത്. പ്രവീൺ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്

സേഫ് ആൻഡ് സ്‌ട്രോങ് നിധി എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളിൽ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞുമാണ് റാണ നിക്ഷേപങ്ങൾ വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയിൽ ചേർന്നാൽ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോൾ മുതലും തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. കഴിഞ്ഞ ദിവസം പ്രവീൺ റാണയുടെ തൃശൂരിലെ ഫ്‌ലാറ്റിൽ പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞിരുന്നു. തൃശൂർ പൊലീസ് എത്തുമ്പോൾ റാണ ഫ്‌ലാറ്റിലുണ്ടായിരുന്നു. മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. ഫ്‌ലാറ്റിൽനിന്ന് ഇയാൾ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

നാല് ആഡംബര കാറുകൾ പൊലീസ് പിടിച്ചെടുത്തു. പ്രവീൺ റാണയുടെ തൃശൂർ, കുന്നംകുളം, പാലക്കാട്, മണ്ണാർക്കാട്, കണ്ണൂർ ഓഫീസുകളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.

Summary: Praveen Rana, who was arrested in the Safe and Strong investment fraud case, will be produced in court today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News