രാഷ്ട്രപതിയുടെ ശബരിമല യാത്ര; ഹെലിപ്പാഡ് നിര്‍മിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി

പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി

Update: 2025-12-18 07:19 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ഹെലിപ്പാഡ് നിര്‍മിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയാണ് പരാതി നല്‍കിയത്. രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി.

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നിര്‍മിച്ച ഹെലിപ്പാഡിന് 20 ലക്ഷം രൂപ ചിലവാക്കിയെന്ന രേഖകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വിഐപി വിസിറ്റ് ഫണ്ടില്‍ നിന്നാണ് തുക ചിലവഴിച്ചത്. നിര്‍മാണത്തിലെ അപാകത മൂലം ഹെലികോപ്റ്റര്‍ ഹെലിപ്പാഡില്‍ താഴ്ന്നത് വിവാദമായിരുന്നു.

Advertising
Advertising

ഒക്ടോബര്‍ 21 രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പത്തനംതിട്ട പ്രമാഡത്ത് ഹെലിപ്പാഡ് നിര്‍മിച്ചത്. കാലാവസ്ഥ മോശമായതിനാല്‍ നിലക്കലില്‍ ലാന്‍ഡിങ് സാധ്യമാവാതെ വന്നതോടെയാണ് അതിവേഗം പ്രമാടത്ത് മൂന്നു ഹെലിപ്പാഡുകള്‍ നിര്‍മിച്ചത്. എന്നാല്‍ ലാന്‍ഡ് ചെയ്ത ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ ഹെലിപ്പാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്നതോടെ വലിയ വിവാദമായി. താഴ്ന്ന ഹെലിക്കോപ്റ്റര്‍ പിന്നീട് സുരക്ഷാ ജീവനക്കാര്‍ തള്ളി നീക്കേണ്ടിയും വന്നു.

കോണ്‍ക്രീറ്റ് സെറ്റാവാഞ്ഞതായിരുന്നു ഹെലികോപ്റ്റര്‍ താഴാന്‍ കാരണം. ഈ ഹെലിപ്പാഡ് നിര്‍മിക്കാനാണ് പൊതു ഖജനാവില്‍ നിന്ന് 20 ലക്ഷം രൂപ ചെലവിട്ടത്. വിഐപി വിസിറ്റ് ഫണ്ടില്‍ നിന്നാണ് പൊതുമരാമത്ത് വകുപ്പ് തുക നല്‍കിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷ വീഴ്ചയുണ്ടാക്കിയ ഹെലിപ്പാഡ് വന്‍ തുക ചെലവഴിച്ചാണ് നിര്‍മിച്ചതെന്ന് വ്യക്തമായതോടെ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News