ഉപതെരഞ്ഞെടുപ്പ് വെല്ലുവിളിയാകുമെന്ന് ആശങ്ക; രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജിയിൽ നേതാക്കൾക്കിടയിലും ആശയക്കുഴപ്പം

ഒരു കാരണവശാലും എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിൽ തുടരുകയാണ് രാഹുൽ

Update: 2025-08-24 01:45 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തിപ്പെടുന്നു. രാജിക്കായുള്ള സമ്മർദം തുടരുകയാണ് നേതാക്കൾ. രാജി അനിവാര്യമാണെന്ന നിലപാട് ഉയർത്തിയ വി.ഡി സതീശൻ ഇക്കാര്യം എഐസിസി നേതൃത്വത്തെയും അറിയിച്ചു എന്നാണ് സൂചന.

ഗുരുതരമായ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലുമായി നിയമസഭാ സമ്മേളനത്തിലേക്ക് പോകാൻ കഴിയില്ലെന്ന നിലപാടാണ് സതീശനടക്കമുള്ളവർക്ക് ഉള്ളത്. അതിനാൽ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജികാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കണം എന്നും ഇവർ വാദിക്കുന്നു. നിലവിലെ സാഹചര്യം ഹൈക്കമാൻഡിനേയും നേതാക്കൾ ധരിപ്പിച്ചിട്ടുണ്ട് . രേഖാമൂലം പരാതിയുണ്ടോ, കേസുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ സാങ്കേതികം മാത്രം എന്നാണ് രാജി ആവശ്യപ്പെടുന്ന നേതാക്കളുടെ വിലയിരുത്തൽ. കോൺഗ്രസിൻ്റെ രാഷ്ട്രീയ ധാർമികത തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ ബോധ്യപ്പെടുത്താൻ മാങ്കൂട്ടത്തിലിന്റെ രാജി മാത്രമാണ് വഴിയെന്ന നിലപാടിനും പാർട്ടിയിൽ ഇപ്പോൾ മുൻതൂക്കം ഉണ്ട്. എങ്കിലും നേതൃത്വത്തിൽ സമവായം ഉണ്ടായിട്ടില്ല. അതേസമയം രാഹുലിനെ രാജിവെപ്പിച്ചാൽ എതിരാളികൾക്കു മേൽ മുൻതൂക്കം നേടാമെന്നാണ് വി.ഡി സതീശനെ പിന്തുണക്കുന്നവരുടെ നിലപാട്. പാലക്കാട് സാധ്യതകൾ ഉള്ളതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ബിജെപി സമ്മർദ്ദം ചെലുത്തും. അതിനാൽ രാജികാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

Advertising
Advertising

എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി വേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുന്ന നേതാക്കളും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നില്ല. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം എംഎൽഎ സ്ഥാനം രാജിവെച്ചാൽ അത് പുതിയ കീഴ് വഴക്കം സൃഷ്ടിക്കുമെന്നാണ് ഇവർ ചൂണ്ടികാണിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലാകട്ടെ ഒരു കാരണവശാലും എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിൽ തുടരുകയാണ്. കേസുണ്ടായിരുന്നവർ പോലും രാജിവെച്ചിട്ടില്ല എന്നാണ് രാഹുലിന്റെ ഇക്കാര്യത്തിലെ നിലപാട്. കഴിഞ്ഞദിവസം രാഹുൽ വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നേതൃത്വം വിലക്കിയിരുന്നു. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി.കഴിഞ്ഞ മൂന്നു ദിവസമായി പൊതുപരിപാടികൾ ഒഴിവാക്കി പത്തനംതിട്ട അടൂരിലെ വീട്ടിലായിരുന്നു രാഹുൽ.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News