ഗർഭിണിയായതോടെ ലോൺ തിരിച്ചടവ് മുടങ്ങി,വീട് ജപ്തി ചെയ്ത് ധനകാര്യ സ്ഥാപനം; യുവതിയും ഒരു വയസുള്ള കുഞ്ഞും അമ്മയും പെരുവഴിയില്‍
കുടുംബത്തിന് രാത്രി തങ്ങാൻ മറ്റു വഴികൾ ഇല്ലാതായതോടെ, പി.വി ശ്രീനിജൻ എംഎൽഎ താൽക്കാലികമായി വീട് തുറന്നു നൽകുകയായിരുന്നു
കൊച്ചി: എറണാകുളം പുത്തൻകുരിശിൽ സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം. യുവതിയും ഒരു വയസുള്ള കുഞ്ഞും പ്രായമായ അമ്മയും വീടിന് പുറത്താക്കിയാണ് ജപ്തി ചെയ്തത്. കുടുംബത്തിന് രാത്രി തങ്ങാൻ മറ്റു വഴികൾ ഇല്ലാതായതോടെ, പി.വി ശ്രീനിജൻ എംഎൽഎ താൽക്കാലികമായി വീട് തുറന്നു നൽകി.
ഇന്നലെയാണ് മലേക്കുരിശ് സ്വദേശി സ്വാതി, പ്രായമായ മാതാവ്, ഒരുവയസ് മാത്രം പ്രായമുള്ള കൈക്കുഞ്ഞ് എന്നിവരെ ധനകാര്യ സ്ഥാപനം, കോടതി ഉത്തരവുമായി എത്തി വീട് ജപ്തിചെയ്ത് പുറത്താക്കിയത്. 2019 ലാണ് സ്വാതി അഞ്ച് ലക്ഷം രൂപ വായ്പയെടുത്തത്. 3.95 ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തു. ഗർഭിണിയായതോടെ ലോൺ തിരിച്ചടവ് മുടങ്ങി.
അടിയന്തരമായി ഒറ്റത്തവണ അഞ്ചുലക്ഷം രൂപ അടച്ചാൽ, ജപ്തി നടപടികൾ ഒഴിവാക്കും എന്നാണ് മണപ്പുറം ഫിനാൻസ് അധികൃതർ അറിയിച്ചത്. ആകെയുള്ള രണ്ടര സെൻറ് സ്ഥലത്തെ പുരയിടം, ജപ്തിയായതോടെ പെരുവഴിയിലായ ഇവരെ സഹായിക്കാൻ, സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.