സിനിമ കാണാൻ സീറ്റില്ല; ഐഎഫ്എഫ്കെയിൽ ഡെലിഗേറ്റുകളുടെ പ്രതിഷേധം
ശ്രീ തിയേറ്ററിലാണ് പ്രതിഷേധം ഉണ്ടായത്
തിരുവനന്തപുരം: സിനിമ കാണാൻ സീറ്റില്ലാത്തതിൽ ഐഎഫ്എഫ്കെയിൽ ഡെലിഗേറ്റുകളുടെ പ്രതിഷേധം. സിറാത്ത് സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.
30% റിസർവ് ചെയ്യാത്തവർക്ക് സീറ്റ് ഉണ്ടായിട്ടും നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം. റിസർവേഷൻ ചെയ്തവർക്കും സീറ്റ് കിട്ടിയില്ലെന്നും പരാതി. റിസർവേഷൻ ചെയ്തവർ മണിക്കൂറുകളോളം ക്യൂ നിന്നിട്ടും സീറ്റ് ലഭിച്ചില്ലെന്നും പരാതി. ഐഎഫ്എഫ് വേദിയായ ശ്രീ തിയേറ്ററിലാണ് പ്രതിഷേധം ഉണ്ടായത്.
12-മുതല്‍ 19 വരെ തിരുവനന്തപുരത്ത് വെച്ചാണ് ഐഎഫ്എഫ്കെ നടക്കുന്നത്.
നേരത്തെ ഐഎഫ്എഫ്‌കെയില്‍ ആറ് ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ആറ് ചിത്രങ്ങള്‍ മേളയില്‍ കാണിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതാണ് കാരണം.
ക്ലാഷ്, ഫ്‌ലയിംസ്, ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക്, യെസ്, ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ. എ പോയറ്റ് ഓണ്‍ അണ്‍ കണ്‍സീല്‍ഡ് പോയെട്രീ എന്നിവയ്ക്കാണ് വിലക്ക്. ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക് ഇന്നലെ പ്രദര്‍ശിപ്പിച്ചിരുന്നു.
സെന്‍സര്‍ ബോര്‍ഡ് എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഫലസ്തീന്‍ പ്രമേയമായിട്ടുള്ള ചിത്രങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഐഎഫ്എഫ്‌കെയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി അപലപനീയമെന്ന് ചൂണ്ടിക്കാട്ടി നിരവധി സാംസ്‌കാരിക, സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.