റിയാസ് പുൽപ്പറ്റയെ യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തതിൽ പ്രതിഷേധം; മലപ്പുറം മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി
നിലവിലെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കാലാവധി തീരാനിരിക്കെ പി.കെ ഫിറോസിന്റെ താത്പര്യ പ്രകാരമാണ് തിരക്കിട്ട് റിയാസിനെ ജില്ലാ സെക്രട്ടറി ആക്കിയത് എന്നാണ് പാർട്ടിക്കുള്ളിലെ ആക്ഷേപം.
മലപ്പുറം: യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയായി റിയാസ് പുൽപ്പറ്റയെ സംസ്ഥാന കമ്മിറ്റി നോമിനേറ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം. യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി രാജിവച്ചു. മലപ്പുറത്ത് നിന്നുള്ള എതിർപ്പ് മറികടന്നാണ് റിയാസ് പുൽപ്പറ്റയെ സംസ്ഥാന കമ്മിറ്റി നേരിട്ട് ജില്ലാ സെക്രട്ടറി ആക്കിയത് എന്നാണ് ആക്ഷേപം. യൂത്ത് ലീഗിന്റെ ദോത്തീ ചലഞ്ച് ഉൾപ്പെടെയുള്ളവയിൽ അന്വേഷണം വേണമെന്നുമാണ് എതിർപ്പ് ഉന്നയിക്കുന്നവരുടെ ആവശ്യം.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നടപടി നേരിട്ട റിയാസ് പുൽപ്പറ്റയെ മണ്ഡലം കമ്മിറ്റി അറിയാതെ സംസ്ഥാന കമ്മിറ്റി നേരിട്ട് ഏകപക്ഷീയമായി നൊമിനേറ്റ് ചെയ്ത നടപടിയാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ മണ്ഡലം കമ്മിറ്റി എതിർപ്പ് അറിയിച്ചിരുന്നു. ഇത് മറികടന്ന് റിയാസിനെ ജില്ലാ സെക്രട്ടറിയാക്കിയതിൽ ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
പാർട്ടി പത്രത്തിൽ വന്ന അറിയിപ്പിലൂടെയാണ് പലരും ഇക്കാര്യം അറിയുന്നത്. നിലവിലെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കാലാവധി തീരാനിരിക്കെ പി.കെ ഫിറോസിന്റെ താത്പര്യ പ്രകാരമാണ് തിരക്കിട്ട് റിയാസിനെ ജില്ലാ സെക്രട്ടറി ആക്കിയത് എന്നാണ് പാർട്ടിക്കുള്ളിലെ ആക്ഷേപം. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി രാജിവച്ചു. പിന്തുണയുമായി മൊറയൂർ, ആനക്കയം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ യൂത്ത് ലീഗിന്റെ പ്രവർത്തനങ്ങളും നിർത്തിവെച്ചതയാണ് സൂചന. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം.