പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന് പരാതി; ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്‌

ചോർത്താൻ ഷാജൻ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്നാണ് ആരോപണം.

Update: 2023-07-30 14:41 GMT
Editor : banuisahak | By : Web Desk
Advertising

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്. പി.വി അൻവർ എം.എൽ.എ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയെന്നാണ് കേസ്. കേരളാ പൊലീസിന്റെ പ്രൊട്ടക്റ്റഡ് സിസ്റ്റമായ കമ്പ്യൂട്ടർ വയർലസ് സംവിധാനത്തിൽ അനധികൃതമായി കടന്നുകയറിയെന്നും എഫ്ഐആറിൽ പറയുന്നു. തിരുവനന്തപുരം സൈബർ പൊലീസ് ആണ് കേസെടുത്തത്.

ഉന്നത ഉദ്യോഗസ്ഥരുടെ അതീവ രഹസ്യ വയർലസ് സന്ദേശങ്ങൾ ചോർത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്, ആക്ട്, ഐടി ആക്ട് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകിയ അൻവർ എംഎൽഎ പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി അയച്ചിരുന്നു.

സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സംവിധാനം ഷാജൻ സ്‌കറിയയുടെ പക്കലുണ്ടെന്നും പിവി അൻവർ പരാതിയിൽ ആരോപിച്ചു. ഷാജന്‍ സ്‌കറിയയുടെ പാസ്പോര്‍ട്ട് പരിശോധിച്ച് വിദേശ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായികള്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഹാക്ക് ചെയ്തോയെന്ന് സംശയിക്കണമെന്നും പി വി അന്‍വര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

 ചോർത്താൻ ഷാജൻ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്നാണ് ആരോപണം. തന്റെ പരാതി അന്വേഷിക്കുമെന്ന് ഡിജിപി ഉറപ്പു നൽകിയതായി പി വി അൻവർ മീഡിയ വണിനോട് പറഞ്ഞിരുന്നു. വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

നേരത്തെ കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജിൻ നൽകിയ കേസിൽ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. മൂന്നാഴ്ചക്ക് ശേഷം കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. പട്ടികജാതി-പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും നിലനിൽക്കുന്നത് അപകീർത്തിക്കെതിരായ കുറ്റം മാത്രമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News