ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

വാർധക്യ സഹജമായ അസുഖങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു

Update: 2021-05-03 03:16 GMT
Advertising

കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കേരള നിയമസഭയിൽ 9 തവണ എംഎൽഎ ആയ ബാലകൃഷ്ണപിള്ള അഞ്ച് തവണ മന്ത്രി പദവും അലങ്കരിച്ചു. കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്.

ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമൻപിള്ളയുടെയും കാർത്യായനിയമ്മയുടേയും മകനായി 1934 ഏപ്രിൽ ഏഴിന് കൊട്ടാരക്കരയിലെ വാളകത്താണ് ബാലകൃഷ്ണപിളളയുടെ ജനനം. വിദ്യാർഥിയായിരിക്കെ രാഷ്ട്രീയ ജീവിതം തുടങ്ങി. തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയനിൽ പ്രവർത്തിച്ചു. പിന്നീട് കോൺഗ്രസിൽ ചേർന്നു. 1964ൽ കെ.എം ജോർജിനൊപ്പം കേരള കോൺഗ്രസിന് രൂപം നൽകി. കേരള കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപക സംസ്ഥാന കമ്മിറ്റി ഭാരവാഹികളില്‍ ജീവിച്ചിരുന്നവരിൽ അവസാനത്തെയാൾ കൂടിയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യസങ്ങളെ തുടര്‍ന്ന് കേരള കോൺഗ്രസ് പിളരുകയും 1977ൽ ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു. 1960 ൽ 25ആം വയസിൽ പത്തനാപുരത്തുനിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1965ലും വിജയിച്ചു. 1967ലും 1970ലും പരാജയപ്പെട്ടു. 1977 മുതൽ 2001 വരെ എംഎല്‍എയായി. 2006ൽ ഐഷാ പോറ്റിയോട് പരാജയപ്പെട്ടു.

ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്‌തു. 1982ൽ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അദ്ദേഹത്തെ ഒരു വർഷം തടവിന് ശിക്ഷിച്ചു. കാലാവധി പൂർത്തിയാകുംമുൻപ് ശിക്ഷാ ഇളവ് ലഭിച്ചു. 2018ൽ എൽഡിഎഫിലെത്തി. മകന്‍ കെ.ബി ഗണേഷ് കുമാറിനായി ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തി. അതിനിടെ ആരോഗ്യനില മോശമായി. അവസാനകാലം വരെ അദ്ദേഹം രാഷ്ടീയത്തില്‍ സജീവമായിരുന്നു.

പരേതയായ ആർ. വൽസലയാണ് ഭാര്യ. ഉഷ മോഹൻദാസ്, കെ.ബി ഗണേഷ്കുമാർ എംഎൽഎ, ബിന്ദു ബാലകൃഷ്ണൻ എന്നിവർ മക്കൾ.


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News