രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ആവേശോജ്ജ്വലമായ സ്വീകരണം ഒരുക്കുമെന്ന് ഡി.സി.സി

എം.പി ഓഫീസിന് നേരെയുണ്ടായ എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കൽപറ്റയിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടക്കും

Update: 2022-06-25 03:56 GMT
Editor : afsal137 | By : Web Desk
Advertising

മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വ്യാഴാഴ്ച വയനാട്ടിലെത്തും. രാഹുലിന് ആവേശോജ്ജ്വലമായ സ്വീകരണം നൽകുമെന്ന് ഡി.സി.സി അറിയിച്ചു. ജൂൺ 30 ജൂലായ് 1,2 തിയ്യതികളിൽ രാഹുൽ വയനാട്ടിലുണ്ടാകും. എംപി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ വയനാട് സന്ദർശനം.

രാഹുൽഗാന്ധിയുടെ എംപി ഓഫീസിന് നേരെയുള്ള അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് കൽപറ്റയിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടക്കും. എംപി ഓഫീസ് ആക്രമണത്തിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡൻറ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19പേരെയാണ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റ ഡി.വൈ.എസ്.പിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. അക്രമം തടയുന്നതിൽ പൊലീസ് വീഴ്ച വരുത്തി എന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, എസ്.എഫ്.ഐ ആക്രമണത്തിനെതിരെ സംസ്ഥാനത്തെങ്ങും കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലേക്കുൾപ്പെടെ സി.പി.എം ഓഫിസികളിലേക്ക് നടന്ന മാർച്ചുകളിൽ സർക്കാരിന്റെയും സി.പി.എമ്മിന്റെയും ഫ്‌ലക്‌സ് ബോർഡുകളും കൊടിമരങ്ങളും തകർത്തു. കോട്ടയത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. വയനാട്ടിൽ എസ്.പി.ഓഫിസിലേക്ക് തളളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചു.

ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്‌ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്‌ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News