'പറയാനുള്ളത് പറയട്ടെ'; രാഹുൽ മാങ്കൂട്ടത്തിലിനെ കേൾക്കണമെന്ന് നേതാക്കൾ
രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാനാണ് നീക്കം
തിരുവനന്തപുരം:ലൈംഗിക ആരോപണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനം രാജി വെച്ചേക്കില്ല. രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാനാണ് നീക്കം. നിയമസഭാ സമ്മേളനത്തിൽ നിന്നും മാറ്റിനിർത്തുകയും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കാനുമാണ് ആലോചന. അന്തിമ തീരുമാനം ഇന്ന് ഉണ്ടാവും.
രാജിവെപ്പിച്ചാൽ ഉപതെരഞ്ഞെടുപ്പ് വരാൻ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതോടെ കടുത്ത നിലപാട് സ്വീകരിച്ച നേതാക്കൾ അയഞ്ഞു . രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങളും കേൾക്കണം എന്ന് ഇതിനിടയിൽ അഭിപ്രായമുയർന്നു. കെപിസിസി അധ്യക്ഷനുമായുള്ള ആശയവിനിമയത്തിലാണ് നേതാക്കളുടെ നിർദേശം. രാഹുൽ പറയാനുള്ളത് പറയട്ടെ എന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നായിരുന്നു വി.ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തുവന്നു. തുടർന്നാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ അടക്കമുള്ള നേതാക്കളുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആശയ വിനിമയം നടത്തിയത്. ഉപതെരഞ്ഞെടുപ്പ് സാധ്യത ഇല്ലാതാക്കി കൊണ്ടുള്ള തീരുമാനം വേണം എടുക്കാൻ എന്നായിരുന്നു നേതാക്കളിൽ വലിയൊരു വിഭാഗത്തിന്റെ നിർദ്ദേശം.