സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റ് ചെയ്ത് ഭീകരപ്രവർത്തനത്തിന് രഹസ്യയാത്ര പോയെന്ന് പറഞ്ഞാല്‍ സംഘികളല്ലാതെ ആരും വിശ്വസിക്കില്ല: റൈഹാന സിദ്ദിഖ്

'തീവ്രവാദ പരിശീലനത്തിന്‍റെ ഭാഗമായാണ് കാപ്പന്‍ ഭക്ഷണം കഴിക്കാതിരുന്നതെന്ന ക്രൂരമായ റിപ്പോര്‍ട്ടും നാളെ നമ്മള്‍ വായിക്കേണ്ടിവരും'

Update: 2022-01-02 02:12 GMT
Advertising

ഭീകരപ്രവര്‍ത്തനത്തിന് പരിശീലനം നേടാന്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ദക്ഷിണാഫ്രിക്കയടക്കുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഭാര്യ റൈഹാന സിദ്ദിഖ്. തുച്ഛമായ ശമ്പളത്തില്‍ ഓണ്‍ലൈന് വേണ്ടി പണിയെടുക്കുന്ന കാപ്പന്‍ എങ്ങനെ ദക്ഷിണാഫ്രിക്കയില്‍ പോയി, ഭീകരപ്രവര്‍ത്തനത്തിന് പരിശീലനം നേടാനാണ് എന്നിങ്ങനെയുള്ള ജന്മഭൂമിയിലെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു റൈഹാന.

വിക്കിപീഡിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് കാപ്പനെന്ന് റൈഹാന പറയുന്നു‍. വിക്കിപീഡിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലും മറ്റും പോയിട്ടുണ്ട്. ഡല്‍ഹിയിലെ പത്രക്കാരായ സുഹൃത്തുക്കളോട് പറഞ്ഞ്, ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്തായിരുന്നു യാത്ര. സമ്മേളനത്തിന്‍റെ കുറേ ഫോട്ടോകളും കാപ്പന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഭീകരപ്രവര്‍ത്തനത്തിന് വേണ്ടി 'രഹസ്യയാത്ര' പോയ ഒരാള്‍ ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് സംഘികള്‍ അല്ലാത്ത വേറെ ആരും വിശ്വസിക്കില്ലെന്ന് റൈഹാന ഫേസ് ബുക്കില്‍ കുറിച്ചു.

തേജസ് പൂട്ടിയ ശേഷം ജോലി ചെയ്ത തല്‍സമയത്തില്‍ നിന്ന് ശമ്പളം മുടങ്ങിയതോടെ പണമില്ലാത്തതിനാല്‍ ഉച്ചഭക്ഷണം ഒഴിവാക്കിയിട്ടുണ്ട് കാപ്പന്‍‍. പക്ഷേ തീവ്രവാദ പരിശീലനത്തിന്‍റെ ഭാഗമായാണ് കാപ്പന്‍ ഭക്ഷണം കഴിക്കാതിരുന്നതെന്ന ക്രൂരമായ റിപ്പോര്‍ട്ടും നാളെ നമ്മള്‍ വായിക്കേണ്ടിവരുമെന്ന് റൈഹാന പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഭീകരപ്രവര്‍ത്തനത്തിന് പരിശീലനം നേടാന്‍ സിദ്ദിഖ് കാപ്പന്‍  സൗത്താഫ്രിക്കയടക്കമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും തുച്ഛമായ ശമ്പളത്തില്‍ ഓണ്‍ലൈന് വേണ്ടി പണിയെടുക്കുന്ന കാപ്പന്‍ പിന്നെ എങ്ങിനെ അവിടെ പോയെന്നുമുള്ള ചോദ്യം ഇന്ന് ജന്മഭൂമിയിലും പിന്നെ ഏതോ ഒന്ന് രണ്ട് പോര്‍ട്ടലുകളിലും കണ്ടു.

വിക്കിപീഡിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് കാപ്പന്‍ (മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് പോസ്റ്റിനൊപ്പമുള്ളത്. ഇപ്പോഴത്തെ കാപ്പന്റെ പ്രൊഫൈല്‍ പിക് തന്നെ വിക്കിപീഡിയയുടെ കാംപയിനുമായി ബന്ധപ്പെട്ടതാണ്). അതിന് വേണ്ടി സൗത്താഫ്രിക്കയിലും മറ്റും പോയിട്ടുണ്ട്. ഡല്‍ഹിയിലെ പത്രക്കാരായ സുഹൃത്തുക്കളോട് കൂടി പറഞ്ഞ്, അത് ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്തായിരുന്നു യാത്ര. പതിവ് പോലെ INS ബില്‍ഡിങ്ങിന് സമീപത്തെ ഗുപ്തയുടെ കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ കാപ്പന്റെ സൗത്താഫ്രിക്കന്‍ യാത്രയും വിക്കിപീഡിയയും ഒക്കെ ആരോ ചര്‍ച്ചയ്ക്കിട്ടതായും ഓര്‍ക്കുന്നു. പോരാഞ്ഞ്, സമ്മേളനത്തിന്റെ കുറേ ഫോട്ടോകളും കാപ്പന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഭീകരപ്രവര്‍ത്തനത്തിന് വേണ്ടി 'രഹസ്യയാത്ര' പോയ ഒരാള്‍ ഇങ്ങനെ സോഷ്യല്‍മീഡിയയില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് സംഘികള്‍ അല്ലാത്ത വേറെ ആരും വിശ്വസിക്കില്ല.

തേജസ് പൂട്ടിയ ശേഷം ജോയിന്‍ചെയ്ത തല്‍സമയത്തില്‍ നിന്ന് ശമ്പളം മുടങ്ങിയതോടെ പണമില്ലാത്തതിനാല്‍ ലഞ്ച് സ്‌കിപ് ചെയ്തിട്ടുണ്ട് കാപ്പന്‍. പക്ഷേ തീവ്രവാദപരിശീലനത്തിന്റെ ഭാഗമായാണ് കാപ്പന്‍ ഭക്ഷണം കഴിക്കാതിരുന്നതെന്ന ക്രൂരമായ റിപ്പോര്‍ട്ടും നാളെ നമ്മള്‍ വായിക്കേണ്ടിവരും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News