പരിസ്ഥിതിദിന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് രാജ്ഭവൻ; സാധ്യമല്ലെന്ന് സർക്കാർ

സർക്കാർ പരിപാടിക്ക് ആർഎസ്എസിന്റെ ഭാരതാംബ വേണ്ടെന്ന് കൃഷിമന്ത്രി

Update: 2025-06-06 06:23 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: പരിസ്ഥിതി പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന ഗവർണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആവശ്യത്തിന് വഴങ്ങാതെ സംസ്ഥാന സർക്കാർ. രാജ്ഭവനിൽ നിന്ന് കൃഷിവകുപ്പിന്റെ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റി. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനെ അറിയിച്ചു.

ആർഎസ്എസിന്റെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന വേണമെന്ന് ഗവർണർ നിർബന്ധം പിടിച്ചിരുന്നു.ഇതിന് ശേഷമേ മറ്റ് പരിപാടിയിലേക്ക് കടക്കാന്‍ കഴിയൂവെന്നും രാജ്ഭവന്‍ നിര്‍ബന്ധം പിടിച്ചു.എന്നാല്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഇത് അംഗീകരിക്കാന്‍ കഴിയിലെന്നും കൃഷിവകുപ്പ് അറിയിച്ചു. തുടര്‍ന്നാണ് പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയത്.

Advertising
Advertising

സംഭവത്തില്‍ വിശദീകരണവുമായി  രാജ് ഭവൻ രംഗത്തെത്തി. രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ എന്തുവേണമെന്ന് രാജ്ഭവൻ തീരുമാനിക്കുമെന്നാണ്  ഗവർണറുടെ നിലപാട്. രാജ്ഭവന്റെ സെൻട്രൽ ഹാളിൽ സ്ഥിരമായുള്ള ചിത്രം മാറ്റാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് പരിപാടി മാറ്റിയതെന്നും രാജ്ഭവൻ അറിയിച്ചു.

മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് പിന്നാലെയാണ് പരിപാടി ദർബാർ ഹാളിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.   '  'ആര്‍എസ്എസ് ഇന്ത്യയില്‍ മാത്രം ഉപയോ​ഗിക്കുന്ന ഭാരതാംബ ചിത്രം ഒരു സർക്കാർ പരിപാടിയുടെ ഭാ​ഗമാക്കുന്നത് ഭരണ​ഘടനാപരമായി ശരിയല്ല.  ഭരണഘടന ലംഘിച്ചുകൊണ്ടുള്ള പ്രവർത്തനം സർക്കാറിന് ചെയ്യാൻ സാധിക്കില്ല. സാധാരണ രീതിയിലെ ഭാരത മാതാവിന്‍റെ ചിത്രമാണെങ്കിൽ ഞങ്ങൾക്ക് പ്രയാസമില്ല. പക്ഷേ അതല്ലാത്തത് കൊണ്ടാണ് പരിപാടി ഒഴിവാക്കിയത്. കേരളശ്രീ പുരസ്‌കാര വിതരണം നടക്കുന്ന ചടങ്ങിൽ പോലും ആ ചിത്രം അവിടെയുണ്ടായിരുന്നില്ല.പെട്ടന്ന് എവിടെ നിന്നാണ് ചിത്രം വന്നത്?'.പി.പ്രസാദ് പറഞ്ഞു.

'ബാഹ്യ ശക്തികൾ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയാണ്. രാജ്ഭവൻ സങ്കുചിത രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയാകാൻ പാടില്ല. രാജ്ഭവനിൽ ഇരുന്നുകൊണ്ട് ഗവർണർ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ല- മന്ത്രി പറഞ്ഞു.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News