ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്ന് യുഡിഎഫിൻ്റെ പരാതി; രാജീവ് ചന്ദ്രശേഖറിൻ്റെ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു

പത്രിക പരിഗണിക്കുന്നത് അവസാനത്തേക്ക് മാറ്റിവെക്കുന്നുവെന്നാണ് റിട്ടേണിങ് ഓഫിസര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്

Update: 2026-03-24 07:42 GMT

തിരുവനന്തപുരം: ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്ന യുഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേമത്തെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു. അവസാനം പരിഗണിക്കാമെന്നാണ് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് പരാതി.

ഇതുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇന്ന് പത്രികകളുടെ സൂക്ഷ്മപരിശോധനക്കിടെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പത്രിക പരിഗണിക്കുന്നത് അവസാനത്തേക്ക് മാറ്റിവെക്കുന്നുവെന്ന് റിട്ടേണിങ് ഓഫിസര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

Advertising
Advertising

ബെംഗളൂരുവിലെ കോറമംഗലയില്‍ 49,000 ചതുരശ്രയടിയുള്ള ബംഗ്ലാവിന്റെ വിവരങ്ങള്‍ പത്രികയില്‍ മറച്ചുവച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് ദേശീയതലത്തില്‍ തന്നെ ഇക്കാര്യം ഉന്നയിച്ചിരുന്നു.

2024ലെ സത്യവാങ്മൂലത്തില്‍ ഈ സ്വത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ കമ്മീഷന്‍ ഇടപെടണമെന്നും നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ നേമത്ത് നേരത്തെ തന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍ പ്രചാരണം തുടങ്ങിയിരുന്നു. 2016ല്‍ വിജയിച്ച മണ്ഡലം 2021ല്‍ ബിജെപിക്ക് നഷ്ടമായിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News