ശമ്പളവും അലവൻസും തികയുന്നില്ല; മാസം ഒരു ലക്ഷം കടം-രാജ്മോഹന്‍ ഉണ്ണിത്താൻ

'ഞങ്ങളെപ്പോലെ കുറച്ചുപേരേ എം.പിമാരിൽ പാവപ്പെട്ടവരായുള്ളൂ. ബാക്കിയുള്ളവരെല്ലാം കോടീശ്വരന്മാരാണ്. അവർക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. നമ്മൾ ഈ ശമ്പളവും വരുമാനവും ആശ്രയിച്ചാണ് ജീവിക്കുന്നത്.'

Update: 2023-06-08 16:45 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മാസശമ്പളവും അലവൻസും തികയുന്നില്ലെന്നും മാസം ഒരു ലക്ഷം കടമാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഡീസലിനും കറന്റിനും വീട്ടുവാടകയ്ക്കും എല്ലാമായി വലിയ തുക വാടക നൽകാനുണ്ട്. ഇതെല്ലാം അലവൻസിൽനിന്ന് തന്നെ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഉണ്ണിത്താന്‍ മനസ്സുതുറന്നത്.

എം.പിക്ക് ഒരു മാസത്തെ ശമ്പളം ഒരു ലക്ഷം രൂപയാണ്. അലവൻസ് 90,000 രൂപയും. ഒരു ഡ്രൈവറെ കേരള സർക്കാർ തരുന്നുണ്ട്. കേരള സർക്കാർ സർവീസിലുള്ള ഒരാളുടെ സേവനം പേഴ്‌സനൽ അസിസ്റ്റന്റായും ലഭിക്കും. 40,000 രൂപ ഇഷ്ടമുള്ള സ്റ്റാഫിനെ വയ്ക്കാനും കേന്ദ്ര സർക്കാർ തരുന്നുണ്ട്. എത്ര സ്റ്റാഫിനെ വേണമെങ്കിലും നമ്മുടെ ഇഷ്ടം പോലെ വയ്ക്കാം. അവർക്കെല്ലാം ഈ തുകയിൽനിന്നു തന്നെ നൽകണം-ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.

'കാസർകോട് എം.പിയായിട്ട് നാല് വർഷമായി. ഇതുവരെ ഒരു തുള്ളി ഡീസൽ ഞാൻ കാസർകോട്ടുനിന്ന് ആരുടെ കൈയിൽനിന്നും അടിച്ചിട്ടില്ല. ഒരു കമ്മിറ്റിയുടെ കൈയിൽനിന്നും. ഞാൻ എവിടെപ്പോയിട്ടുണ്ടോ അവിടെയെല്ലാം പരിശോധിക്കാം. എന്റെ ഒരു മാസത്തെ ഡീസലിന്റെ ചെലവ് ഒന്നേക്കാൽ ലക്ഷം രൂപയാണ്. അതിൽ 25,000 രൂപ കടമാണ്. 90,000 രൂപയിൽ 20,000 വീടിനു വാടകയായി നൽകണം. കറന്റ് ചാർജ് എല്ലാമായി പത്തു രൂപയാകും. എം.പിയായപ്പോൾ ഒരു ഇന്നോവ കാറെടുത്തിരുന്നു. അതിന് 30,000 രൂപ സി.സി അടക്കണം.'

ഡൽഹിയിൽ രണ്ടു കൊല്ലം കഴിഞ്ഞാണ് എനിക്ക് ഫ്‌ളാറ്റ് കിട്ടിയതെന്നും ഉണ്ണിത്താൻ വെളിപ്പെടുത്തി. ഞാൻ ആദ്യം കേരള ഹൗസിലായിരുന്നു. അവിടെനിന്ന് വെസ്റ്റേൺ കോർട്ടിലേക്ക് മാറി. ഗംഗ, യമുന, സരസ്വതി എന്നിങ്ങനെ എം.പിമാർക്കു വേണ്ടി പുതിയ മൂന്നു സമുച്ചയം നിർമിച്ചിട്ടുണ്ട്. 13 നിലയാണ് ഒരു സമുച്ചയത്തിൽ. യമുനയിലെ അതിമനോഹരമായ ഒരു ഫ്‌ളാറ്റിലാണ് ഞാൻ താമസിക്കുന്നത്. രണ്ട് ഡ്രോയിങ് റൂമുമുണ്ട്. എന്തൊക്കെ സാധനങ്ങൾ എം.പിക്ക് ആവശ്യമുണ്ടോ, അതെല്ലാം തരും. മൂന്ന് മുറിയിൽ മൂന്ന് ടി.വി വേണമെങ്കിൽ അത്, കംപ്യൂട്ടർ വേണമെങ്കിൽ അത്, ലാപ്‌ടോപ് വേണമെങ്കിൽ അത്. പക്ഷെ, അതിനെല്ലാം വാടക കൊടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ വീട്ടിൽ സെൻട്രലൈസ്ഡ് എ.സിയാണ്. അവിടെ കറന്റ് ചാർജ് മാത്രം 10,000-20,000 രൂപയാകും. ഇതെല്ലാം അലവൻസിൽനിന്നു നൽകണം. ഒരു നയാപൈസ ഞാനിന്നുവരെ പിരിച്ചിട്ടില്ല. സംഭാവന മേടിച്ചിട്ടില്ല. മറ്റൊരു വരുമാനവുമില്ലാത്തയാളാണ് ഞാൻ. ഒരു ലക്ഷം രൂപ ഓരോ മാസവും കടമാണെനിക്ക്-ഉണ്ണിത്താൻ വെളിപ്പെടുത്തി.

'2019 മേയ് മാസം 23നാണ് ഞാൻ എം.പിയാകുന്നത്. എന്റെ ഭാര്യ സുധാ കുമാരി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്നു. എനിക്ക് പണികിട്ടിയത് മേയ് 23നാണെങ്കിൽ 30ന് അവരുടെ പണിപോയി. ആ സമയത്ത് അവർക്ക് വലിയ തുക ലഭിച്ചിരുന്നു. ആ പണം ഏതാണ്ട് ഇപ്പോൾ തീർന്നിട്ടുണ്ട്. അതുകൊണ്ടു വന്നാണ് ഞാൻ ഒരു വർഷമായി കാസർകോട്ട് എം.പിയായി പ്രവർത്തിക്കുന്നത്.'

ഞങ്ങളെപ്പോലെ കുറച്ചുപേരേ എം.പിമാരിൽ പാവപ്പെട്ടവരായുള്ളൂ. ബാക്കിയുള്ളവരെല്ലാം കോടീശ്വരന്മാരാണ്. അവർക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. നമ്മൾ ഈ ശമ്പളവും വരുമാനവും ആശ്രയിച്ചാണ് ജീവിക്കുന്നത്. ആളുകൾ മറിച്ചു ചിന്തിച്ചുവച്ചിരിക്കുകയാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

ഒരു എം.പിക്ക് ഒരു വർഷം 36 പേർക്ക് ചികിത്സാ സഹായം കൊടുക്കാൻ പറ്റും. പി.എം.എൻ.ആർ.എഫിൽനിന്ന്. ഒരു മാസം മൂന്നുപേർക്ക്. കാൻസർ, ഹൃദ്രോഗം, കരൾ-വൃക്ക തകരാർ എന്നീ നാല് രോഗങ്ങൾക്കാണ് ലഭിക്കുക. അതേസമയം, മാരകമായ വേറെയും രോഗങ്ങളുണ്ട്.

Summary: Rajmohan Unnithan MP said that the salary and allowance are not enough and he has a debt of one lakh per month

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News