പാനൂർ ബോംബ് സ്‌ഫോടനം: അന്വേഷണം എൻ.ഐ.എയ്ക്കു വിടണമെന്ന് രമേശ് ചെന്നിത്തല

''പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമിക്കുന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയാണ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു''

Update: 2024-04-13 10:16 GMT
Editor : Shaheer | By : Web Desk

രമേശ് ചെന്നിത്തല

Advertising

മലപ്പുറം: പാനൂർ ബോബ് സ്ഫോടനത്തിൽ പൊലീസ് ചുമത്തിയത് നിസ്സാര വകുപ്പുകളാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി.പി.എം ബോംബ് നിർമിക്കുന്നത്. കേസ് യു.എ.പി.എ നിയമത്തിനകത്ത് വരുന്നതാണെന്നും അന്വേഷണം എൻ.ഐ.എയ്ക്കു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമിക്കുന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയാണ്. തെരഞ്ഞെടുപ്പിൽ കലാപം ഉണ്ടാക്കാൻ ആഗ്രഹിച്ച് ചെയ്തത് ആവാനാണ് സാധ്യത. ബോംബ് രാഷ്ട്രീയത്തിന് മുഖ്യമന്ത്രി പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി അന്തർധാരയുണ്ടെന്നും കോൺഗ്രസ് നേതാവ് ആരോപണം തുടർന്നു. കേരളത്തിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറപ്പിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. തൃശൂരിൽ ആ അന്തർധാരയാണു കാണുന്നത്. രാഹുൽ ഗാന്ധിക്കെതിരെ നടത്തുന്ന വിമർശനം മോദിയെ സന്തോഷിപ്പിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.

മോദിയുടെ നോൺ വെജ് വിമർശനത്തിലും അദ്ദേഹം പ്രതികരിച്ചു. ആഹാരമാണ് ഇപ്പോൾ ബി.ജെ.പി ആയുധമാക്കുന്നത്. ആഹാരമെല്ലാം അവരവരുടെ ഇഷ്ടമാണ്. അത്തരം വിവാദമൊന്നും ബാധിക്കില്ല.

കളീക്കൽ സത്യൻ വധം പാർട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സി.പി.എം തന്നെ പറയുന്നത്. ഇതിൽ തുടരന്വേഷണം വേണം. എത്രയോ കേസുകൾ പുനരന്വേഷിച്ചിട്ടുണ്ട്. ഇതും അത്തരത്തിൽ അന്വേഷിക്കണമെന്നും അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകുമെന്നും ചെന്നിത്തല അറിയിച്ചു.

Summary: Congress leader Ramesh Chennithala wants NIA investigation in Panoor bomb blast

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News