'കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡ തെറ്റുകാരനല്ല'; എം.വി ജയരാജൻ

ലാത്തിച്ചാർജിന് തുടക്കം കുറിച്ചത് റവാഡ ചന്ദ്രശേഖർ അല്ല

Update: 2025-07-03 08:09 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കൂത്തുപറമ്പിൽ ആദ്യം നടന്ന ലാത്തിച്ചാർജ് ആണ് വെടിവെപ്പിൽ കലാശിച്ചത്. ലാത്തിച്ചാർജിന് തുടക്കം കുറിച്ചത് റവാഡ ചന്ദ്രശേഖർ അല്ല. മന്ത്രിയുടെ എസ്കോർട്ടിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി ഹക്കീം ബത്തേരിയാണ് അതിന് തുടക്കം കുറിച്ചതെന്ന് ജയരാജൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

ലേഖനത്തിൽ നിന്ന്

1994 നവംബര്‍ 25ന് അഴിമതിക്കും വിദ്യാഭ്യാസക്കച്ചവടത്തിനും എതിരെ ഡിവൈഎഫ്ഐയുടെ സമരത്തിനുനേരെ വെടിവയ്‌പ്പും ലാത്തിച്ചാര്‍ജും നടത്തിയതിനെ തുടര്‍ന്ന് 5 പേര്‍ രക്തസാക്ഷികളായി. 6 പേര്‍ക്ക് വെടിയുണ്ടയേറ്റും 133 പേര്‍ക്ക് ലാത്തിച്ചാര്‍ജിലും പരിക്കേറ്റു. യുഡിഎഫ് സര്‍ക്കാരായിരുന്നു അന്ന് അധികാരത്തില്‍. 1995 ജനുവരി 20ന് തലശേരിയിലെ ജില്ലാ സെഷന്‍സ് ജഡ്ജി കെ പത്മനാഭന്‍ നായരെ അന്വേഷണ കമീഷനായി സര്‍ക്കാര്‍ നിയോഗിച്ചു. 1997 മാര്‍ച്ച് 27ന് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Advertising
Advertising

അന്വേഷണ കമീഷന്‍ വിഷയങ്ങളും കണ്ടെത്തലുകളും പരിശോധിച്ചാല്‍ വെടിവെപ്പിനും ലാത്തിച്ചാര്‍ജിനും ഉത്തരവാദികള്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ടി ആന്റണിയും ഡിവൈഎസ്‌പി ഹക്കീം ബത്തേരിയുമാണെന്ന് ബോധ്യമാകും. 5 പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ വെടിവയ്‌പ്പിലേക്ക് നയിച്ച സാഹചര്യങ്ങള്‍, വെടിവയ്പ്‌ നീതീകരിക്കാവുന്നതാണോ, വെടിവെപ്പിന് ഉത്തരവാദിയായ വ്യക്തി / വ്യക്തികള്‍, അതിന് ആനുഷംഗികവും അതില്‍നിന്ന്‌ ഉരുത്തിരിയുന്ന മറ്റുകാര്യങ്ങളും–- എന്നിവയായിരുന്നു നാല് അന്വേഷണ വിഷയങ്ങള്‍.

കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലെ ആദ്യഭാഗത്തുണ്ട്‌. അത് ഇപ്രകാരമാണ്. “കൂത്തുപറമ്പിലുണ്ടായ വെടിവെപ്പിന്‍റെ മൂലകാരണം, സംഭവങ്ങള്‍ക്ക് തുടക്കംകുറിച്ച് കണ്ണൂര്‍ ഡിവൈഎസ്‌പി ആയിരുന്ന അബ്ദുല്‍ ഹക്കീം ബത്തേരിയുടെ നേതൃത്വത്തില്‍ നടന്ന ഒഴിവാക്കാമായിരുന്ന ലാത്തിച്ചാര്‍ജാണ് വെടിവയ്‌പ്പിലേക്ക് വഴിവച്ചത്. എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റും ഡെപ്യൂട്ടി കലക്ടറുമായിരുന്ന ടി.ടി ആന്റണിക്ക് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ നേരിട്ട വീഴ്ചയും വെടിവയ്‌പ്പിലവസാനിക്കുകയും വെടിവെപ്പിൽ 5 പേര്‍ മരണപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു”വെന്നതാണ്‌ കമീഷന്റെ പ്രധാന നിഗമനം. രണ്ടാമത്തെ, അന്വേഷണ വിഷയത്തെക്കുറിച്ച് ‘പൊലീസ് വെടിവയ്പ്‌ നീതീകരിക്കാവുന്നതല്ലെന്നാണ്’ കമ്മീഷന്‍റെ കണ്ടെത്തല്‍. മൂന്നാമത്തെ, വിഷയത്തെക്കുറിച്ച്‌‘ മുന്‍ സഹകരണമന്ത്രി എം വി രാഘവന്‍, അന്നത്തെ കണ്ണൂര്‍ ഡിവൈഎസ്‌പി അബ്ദുല്‍ ഹക്കീം ബത്തേരി, മുന്‍ കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ടി ആന്റണി എന്നിവരാണ് പൊലീസ് വെടിവയ്‌പ്പിന് ഉത്തരവാദികള്‍’ എന്നുമാണ് കമീഷന്‍ കണ്ടെത്തിയത്.

തലശേരി എഎസ്‌പിയായിരുന്ന റവാഡ ചന്ദ്രശേഖറിന്റെ പങ്കിനെക്കുറിച്ച്‌ കമീഷന്‍ റിപ്പോര്‍ട്ടിലെ 40–-ാം പേജില്‍ ‘എഎസ്‌പി എത്രമാത്രം ഉത്തരവാദി’യെന്ന ഉപതലക്കെട്ടില്‍ വിവരിക്കുന്നുണ്ട്‌. ‘ആന്ധ്രപ്രദേശില്‍നിന്നുള്ള ജൂനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ 1994 നവംബര്‍ 23 ന് വൈകിട്ട്‌ ആദ്യമായി തലശേരിയില്‍ വരികയും ചാര്‍ജ് എടുക്കുകയും ചെയ്തു. കൂത്തുപറമ്പിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചോ രാഷ്ട്രീയസ്ഥിതികളെക്കുറിച്ചോ അദ്ദേഹത്തിന് ഒരു രൂപവും ഉണ്ടായിരുന്നില്ല. എം വി രാഘവന്‍, അബ്ദുല്‍ ഹക്കീം ബത്തേരി, ടി ടി ആന്റണി, റവാഡ ചന്ദ്രശേഖര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയതായി ആരോപിക്കപ്പെടുന്ന ഗൂഢാലോചനയ്ക്ക് തെളിവായി രേഖകളൊന്നുമില്ല.

2000 ഫെബ്രുവരി 29ന് റവാഡ ചന്ദ്രശേഖറിനെ കുറ്റവിമുക്തനാക്കുമ്പോള്‍ ഹൈക്കോടതി ചൂണ്ടിക്കാണിച്ചത് ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടാണ്. കൂത്തുപറമ്പ് വെടിവയ്‌പ്പിന് റവാഡ ചന്ദ്രശേഖർ ഉത്തരവാദിയല്ലെന്നും വെടിവയ്‌ക്കാന്‍ ഉത്തരവ്‌ നല്‍കിയത് ഡെപ്യൂട്ടി കലക്ടറാണെന്നും അത് നടപ്പാക്കിയത് ഡിവൈഎസ്‌പി ഹക്കീം ബത്തേരിയും സംഘവുമാണെന്നും ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വസ്തുത ഇതായതിനാല്‍ ഡിജിപി നിയമനം വിവാദമാക്കുന്നവരുടെ അപവാദ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News