ഡി.സി.സി പട്ടിക വന്നാല്‍ 'കലാപത്തിന്' നീക്കം: ആഹ്വാനം ആര്‍.സി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍
'രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം', 'ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്ന് തെളിയിക്കണം'..
ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ 'കലാപത്തിന്' കോൺഗ്രസിൽ അണിയറ നീക്കം. ആർ സി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രതിഷേധത്തിന് മുന്നൊരുക്കം നടത്തുന്നത്. പുതിയ പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്ടിക്കണമെന്നാണ് ആഹ്വാനം.
'ഡിസിസി പ്രസിഡന്‍റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം', 'ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം', 'രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം', 'ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം' എന്നെല്ലാമാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ച.
ആര്‍സി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍മാര്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണ്. ആർ സി ബ്രിഗേഡ് വാട്സ്ആപ്പ് ചർച്ചകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
കെ സുധാകരന്‍ വീണ്ടും ഡൽഹിക്ക്
ഡിസിസി പുനഃസംഘടനാ ചർച്ചകളില്‍ തർക്കം തുടരുന്നതിനിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വീണ്ടും ഡൽഹിക്ക് പോകും. കെപിസിസി സമർപ്പിച്ച ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടികയിൽ ഹൈക്കമാന്‍ഡ് നിർദേശങ്ങൾ കൂടി പരിഗണിച്ച് ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്തിമ ധാരണ രൂപീകരിക്കലാണ് സുധാകരന്‍റെ ലക്ഷ്യം.
ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക കെപിസിസി ഹൈക്കമാന്‍ഡിന് സമർപ്പിച്ചെങ്കിലും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. യുവാക്കൾക്ക് കൂടുതൽ പരിഗണന വേണമെന്ന നിർദേശം ഹൈക്കമാന്‍ഡിനുണ്ട്. സ്ത്രീ സാന്നിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്താൽ പട്ടികയിൽ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അതൃപ്തി കൂടി ഹൈക്കമാന്‍ഡ് കണക്കിലെടുത്താല്‍ കെപിസിസി പട്ടിക അതേപടി അംഗീകരിക്കാൻ ഇടയില്ല. ഈ സാഹചര്യത്തിലാണ് സുധാകരന്‍ വീണ്ടും ഡല്‍ഹിക്ക് പോകുന്നത്. നാളെ ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച നടത്താനാണ് നീക്കം. ഇതിന് മുന്നോടിയായി സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ ആശയവിനിമയം നടത്തും.
ഇതിനിടയിൽ മുതിർന്ന നേതാക്കളുടെ അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഹൈക്കമാന്‍ഡ് തുടരും. ഇതും പ്രഖ്യാപനം വൈകുന്നതിന് ഇടയാക്കി. എന്നാൽ പ്രഖ്യാപനം ഇനിയും വൈകരുതെന്ന നിലപാടാണ് കെ.പി.സി.സി അധ്യക്ഷനും വർക്കിങ് പ്രസിഡന്‍റുമാര്‍ക്കുള്ളത്. ഗ്രൂപ്പ് നേതാക്കളുമായി ഇനി ചര്‍ച്ച നടത്തേണ്ടെന്ന നിലപാടിലാണ് നേതാക്കള്‍. അതിലേക്ക് കടന്നാല്‍ പ്രഖ്യാപനം വീണ്ടും വൈകുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടയില്‍ തിരുവനന്തപുരത്ത് ശശി തരൂരിനും കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷിനുമെതിരെ ഡിസിസികള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്?' - എന്നാണ് ഒരു പോസ്റ്റര്‍. സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി മേല്‍ക്കോയ്മ പിടിക്കാനുള്ള തരൂരിന്‍റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റര്‍. തരൂരേ നിങ്ങള്‍ പി സി ചാക്കോയുടെ പിന്‍ഗാമിയാണോയെന്നും വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്‍റെ ഉത്തരവാദിത്തം തരൂര്‍ ഏറ്റെടുത്തോയെന്നുമെല്ലാം പോസ്റ്ററുകളില്‍ ചോദ്യമുയരുന്നുണ്ട്.