110ാം വയസിലും തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്തു; മഞ്ചേരി മെഡിക്കൽ കോളേജ് മികവിന്റെ നിറവിലേക്ക്

അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ കാഴ്ചയിൽ രവിയും കുടുംബവും സന്തോഷം പങ്കുവെച്ചു

Update: 2021-12-07 13:10 GMT
Editor : dibin | By : Web Desk
Advertising

തിരുവനന്തപുരം: 110 വയസിലും തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നൽകിയിരിക്കുകയാണ് മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ്. വണ്ടൂർ സ്വദേശി രവിയ്ക്കാണ് മെഡിക്കൽ കോളേജ് നേത്രരോഗ വിഭാഗം ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച് ഈ നേട്ടം കൈവരിച്ചത്. ശസ്ത്രക്രിയ പൂർണ വിജയമായിരുന്നതിനാൽ ഈ പ്രായത്തിലും അദ്ദേഹത്തിന് കാഴ്ച തിരിച്ചു കിട്ടി. അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ കാഴ്ചയിൽ രവിയും കുടുംബവും സന്തോഷം പങ്കുവെച്ചു. മികച്ച ചികിത്സ നൽകി കാഴ്ചയുടെ ലോകത്തെത്തിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

രണ്ടു കണ്ണുകളിലും യുവിയൈറ്റിസും തിമിരവും ബാധിച്ച് പൂർണമായും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് രവി മഞ്ചേരി മെഡിക്കൽ കോളേജ് നേത്ര രോഗവിഭാഗത്തിൽ ചികിത്സ തേടി എത്തിയത്. അദ്ദേഹത്തിന്റെ പ്രായവും മറ്റസുഖങ്ങളും ശസ്ത്രക്രിയക്ക് വെല്ലുവിളി സൃഷ്ടിച്ചെങ്കിലും പ്രതീക്ഷയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

നേത്രരോഗ വിഭാഗം മേധാവി ഡോ. രജനിയുടെ നേതത്വത്തിൽ രണ്ടു കണ്ണുകളുടെയും തിമിര ശസ്ത്രക്രിയ ഒരേ ദിവസം നടത്തി. നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.എസ്. രേഖ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വീണ ദത്ത്, അനസ്തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഷുഹൈബ് അബൂബക്കർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മഞ്ചേരി മെഡിക്കൽ കോളേജ്, നേത്രരോഗ വിഭാഗം ഇന്ന് പലവിധ ആധുനിക ചികിത്സ രീതികളും ശാസ്ത്രക്രിയകളും സാധാരണക്കാർക്കുവേണ്ടി നടത്തി വരുന്നു. പ്രമേഹരോഗികളിൽ കണ്ടുവരുന്ന റെനോപതിക്ക് വേണ്ടിയുള്ള ഒസിടി സ്‌കാൻ, ലേസർ ചികിത്സ എന്നിവ കൂടാതെ കൊങ്കണ്ണ്, പോളകളുടെ ബലക്കുറവ് മൂലം ഉണ്ടാകുന്ന 'ടോസിസ്', തിമിരത്തിനു കുത്തിവെപ്പില്ലാതെയുള്ള താക്കോൽദ്വാര ശസ്ത്രക്രിയ എന്നിവ നേത്രരോഗ വിഭാഗത്തിൽ വിജയകരമായി നടത്തി വരുന്നു. ഈ വിഭാഗത്തിൽ ബിരുദാനന്തര ബിരുദ കോഴ്സിന്റെ സീറ്റുകൾക്കായി നാഷണൽ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചത് മറ്റൊരു നേട്ടമാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ പി.ജി കോഴ്സുകൾ ആരംഭിക്കുന്നത് ഇതാദ്യമായാണ്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News