വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ റെഡ് അലർട്ട്

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രാ നിരോധനം പിൻവലിച്ചു

Update: 2022-05-18 16:37 GMT
Advertising

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് അതിതീവ്രമഴയും, തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിൽ തീവ്രമഴയുമുണ്ടാകുമെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിൻറെ മുന്നറിയിപ്പ്. വടക്കൻ തമിഴ്‌നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്‌നാട് മുതൽ മധ്യപ്രദേശ്  വരെ ന്യുനമർദ്ദപാത്തിയും നിലനിൽക്കുന്നു. ഇത് മൂലം എല്ലാ ജില്ലകളിലും മഴയുണ്ടാകും. നാല് ജില്ലകളിൽ റെഡ് അലർട്ടും, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

കാലവർഷമുന്നൊരുക്കങ്ങൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പ്രളയ സാധ്യത മുന്നിൽ കണ്ട് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് റവന്യുമന്ത്രി കെ.രാജനും പറഞ്ഞു. ദുരന്തസാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കനത്തമഴയിൽ കോഴിക്കോട് പുതിയ ബസ്റ്റാൻറിലും പന്നിയങ്കരയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കോഴിക്കോട് കാളൂർ റോഡിൽ റഫീഖിൻറെ വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രാ നിരോധനം പിൻവലിച്ചു. എന്നാൽ മണ്ണ് കുതിർന്ന് മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. അപകട സാധ്യതാ മേഖലകളിൽ ജനങ്ങളെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

മഴ ശക്തിപ്പെട്ടതോടെ ഭൂതത്താൻകെട്ട് ഡാമിന്റെ 6 ഷട്ടറുകൾ ഉയർത്തി. ഇടമലയാറിൽ നിന്നും ലോവർപെരിയാറിൽ നിന്നും കൂടുതൽ ജലമെത്തിയതോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന വിലക്കും തുടരുന്നു.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News