അവയവദാനത്തിനും ഒരു മതവിഭാഗത്തിനുമെതിരെ പരാമർശം; ഡോ. ഗണപതിക്ക് ആരോഗ്യവകുപ്പ് നോട്ടീസ്

മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറാണ് നോട്ടീസ് അയച്ചത്. നോട്ടീസ് അയക്കാൻ ഡി.എം.ഇക്ക് അധികാരമില്ലെങ്കിലും മറുപടി അയക്കുമെന്ന് ഡോക്ടർ ഗണപതി പറഞ്ഞു

Update: 2023-07-08 07:25 GMT
Advertising

തിരുവനന്തപുരം: അവയവദാനത്തിനെതിരേയും ഒരു മതവിഭാഗത്തിനെതിരേയും പരാമർശങ്ങൾ നടത്തിയ ഡോക്ടർ ഗണപതിക്ക് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചു. മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറാണ് നോട്ടീസ് അയച്ചത്. നോട്ടീസ് അയക്കാൻ ഡി.എം.ഇക്ക് അധികാരമില്ലെങ്കിലും മറുപടി അയക്കുമെന്ന് ഡോക്ടർ ഗണപതി പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന അവയവദാനത്തിനെതിരെയും മസ്തിഷ്‌ക മരണവുമായി ബന്ധപ്പെട്ട് ഒരു മതവിഭാഗത്തിനെതിരെയും കൊല്ലം സ്വദേശിയായ ഡോക്ടർ ഗണപതി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് നോട്ടീസ്.

ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കണമെന്ന് അവയവ ദാനത്തിൽ അപ്രോപ്രിയേറ്റ് അതോറിറ്റിയായ ഡി.എം.ഇ അയച്ച നോട്ടീസിൽ ആവശ്യപ്പെടുന്നു. തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് സർക്കാരിന് പരാതി നൽകിയത്. ഈ മാസം 12 ന് അകം മറുപടി നൽകണം. മറുപടി ലഭിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനാണ് ആലോചന. 2022ലാണ് ഡിഎംഇയെ അപ്രോപ്രിയേറ്റ് അതോറിറ്റിയാക്കി സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയത്.

എന്നാൽ അപ്രോപ്രിയേറ്റ് അതോറിക്ക് ഇത്തരത്തിലുള്ള നോട്ടീസ് അയക്കാനുള്ള അധികാരമില്ലെന്നാണ് ഡോക്ടർ ഗണപതിയുടെ പ്രതികരണം. രേഖകൾ പരിശോധിക്കാൻ മാത്രം അതോറിറ്റിക്ക് അധികാരം. എങ്കിലും ഔദ്യോഗികമായ വന്ന നോട്ടീസിന് മറുപടി നൽകുമെന്നും ഡോക്ടർ ഗണപതി അറിയിച്ചു..സോഷ്യൽ മീഡിയയിൽ അവയവദാനത്തിനെതിരെ പോസ്റ്റിട്ടവർക്കെതിരെ കേസെടുക്കണമെന്ന പരാതികളും സംസ്ഥാന പൊലീസ് മേധാവിയുടെ പരിഗണനയിലുണ്ട്


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News