ഉരുളെടുത്ത വിലങ്ങാടിന്‍റെ പുനരധിവാസത്തിൽ തീരുമാനമായില്ല; സർക്കാർ നിസ്സംഗതയുടെ തെളിവായി തകർന്ന റോഡുകളും പാലങ്ങളും
ഉരുൾ നാശം വിതച്ച വിലങ്ങാട്ടെ പലയിടങ്ങളിലായുള്ള പാലങ്ങളും റോഡുകളുമാണിത്
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലിൽ തകർത്തെറിയപ്പെട്ട റോഡുകളുടേയും പാലങ്ങളുടെയും പുനർനിർമാണത്തിന് നടപടിയായില്ല. പ്രകൃതി താണ്ഡവമാടി ഏഴ് മാസം കഴിഞ്ഞിട്ടും പുനർനിർമാണം ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. സർക്കാരിന്‍റെ നിസ്സംഗതയുടെ തെളിവായി മാറുകയാണ് തകർന്ന റോഡുകളും പാലങ്ങളും. വിലങ്ങാട് ദുരിത ഭൂമിയിലൂടെ മീഡിയവൺ നടത്തുന്ന അന്വേഷണം.
ഉരുൾ നാശം വിതച്ച വിലങ്ങാട്ടെ പലയിടങ്ങളിലായുള്ള പാലങ്ങളും റോഡുകളുമാണിത്. വലിയ നാശനഷ്ടമുണ്ടായ മഞ്ഞചീളിയിൽ റോഡ് കുത്തിയൊലിച്ച് പോയി. രണ്ട് പാലങ്ങളും തകർന്നു. ഉരുൾപൊട്ടിയൊഴുകിയ ആ വഴിയിൽ താത്കാലികമായുണ്ടാക്കിയ റോഡ് മാത്രമാണ് ഇപ്പോഴുമുള്ളത്. അതിനപ്പുറവും ഇപ്പുറവും കൂറ്റൻ പാറക്കല്ലുകൾ നീക്കം ചെയ്യാതെ കിടപ്പുണ്ട്. ചെറുതും വലുതുമായ ഏഴ് പാലങ്ങളാണ് ഇങ്ങനെ തകർന്നത്.
അത്രയൊന്നും പഴക്കമില്ല ഉരുട്ടി പാലത്തിന്. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ബസുകൾ കടന്ന് പോകുന്ന പാലം ഉരുളിന് ശേഷം അപകടാവസ്ഥയിലാണ്. അപ്രോച്ച് റോഡും പാതിയോളം പുഴയിലാണ്. ഉരുട്ടി , വിലങ്ങാട് ടൗൺ തുടങ്ങി പാനോത്ത് വരെ വിവിധ ഇടങ്ങളിൽ റോഡ് തകർന്നു. അറ്റകുറ്റപ്പണികൾ ഇനിയും വൈകിയാൽ റോഡ് പൂർണമായും ഇല്ലാതാകും. അന്നൊരു മഴക്കാലത്ത് പേടിച്ച് വിറങ്ങലിച്ച് പോയ നാടിന് കൈത്താങ്ങെന്നത് ഈ ഏഴ് മാസത്തിനിപ്പുറവും അന്യമായി കിടക്കുന്നു.