Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പൊലീസില്‍ വിവരം അറിയിച്ചതിന് ശേഷമാണ് തിരച്ചിലിന് തയ്യാറായതെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ച ബിന്ദുവിന്റെ ബന്ധുക്കള്‍. തിരച്ചില്‍ നേരത്തെ നടത്തിയിരുന്നെങ്കില്‍ ബിന്ദുവിന് ജീവന്‍ നഷ്ടമാകില്ലായിരുന്നെന്നും ബന്ധുക്കള്‍പറഞ്ഞു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതാണ് മരണത്തിന് കാരണമെന്ന് ബിന്ദുവിന്റെ സഹോദരന്‍ വ്യക്തമാക്കി.
'മോള് വിളിച്ചു പറയുമ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. അമ്മയെ കാണുന്നില്ലെന്ന് മോള്‍ പറഞ്ഞു. അവളുടെ അച്ഛനോട് അന്വോഷിക്കാന്‍ ഞാന്‍ വിളിച്ചു പറഞ്ഞു. മാക്‌സിമം ആശുപത്രിയുടെ എല്ലാ ഭാഗത്തും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴാണ് വാര്‍ത്തയില്‍ രണ്ടുപേരെ കണ്ടെത്തിയെന്നും അവര്‍ക്ക് പരിക്കില്ലെന്നും കണ്ടത്.
എന്നിട്ടും കാണാതായപ്പോള്‍ ഞാന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ആളെ കാണാനില്ലെന്ന് ഞാന്‍ പറഞ്ഞു. അതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ആളെ കിട്ടിയെന്ന് പറഞ്ഞു നമുക്ക് ഫോണ്‍ വരുന്നത്,'' ബന്ധു പറഞ്ഞു.
അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടന്നത് എന്നാണ് ബന്ധുക്കളുടെ ആരോപണം. അതിന് ശേഷമാണ് മെഷിനുകള്‍ എത്തിച്ച് പരിശോധനകള്‍ നടത്തിയത്.
അതേസമയം, മരിച്ച ബിന്ദുവിന്റെ മകള്‍ക്ക് ഡിസ്ചാര്‍ജ് അനുവദിച്ചു. ബിന്ദുവിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് അടിയന്തര ഡിസ്ചാര്‍ജ് നല്‍കിയത്. ബിന്ദുവിന്റെ മകള്‍ നവമിയെ ശസ്ത്രക്രിയക്കായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മകളുടെ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായാണ് തകര്‍ന്ന് വീണ പതിനാലാം നിലയിലേക്ക് എത്തിയത്.