Writer - അൻഫസ് കൊണ്ടോട്ടി
anfas123
മലപ്പുറം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഊരകം ഫാത്തിമ മാതാ പള്ളി പ്രതിനിധികൾ പാണക്കാട് സന്ദർശിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.
എല്ലാ വർഷവും ക്രിസ്മസ് ആശംസകളുമായി പാണക്കാട് എത്തുന്ന പതിവ് ഇത്തവണയും മതസൗഹാർദ്ദത്തിന്റെ വലിയൊരു സന്ദേശമായി മാറി. ഊരകം ഫാത്തിമ മാതാ ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, സെന്റ് അൽഫോൻസാ സ്കൂൾ പ്രതിനിധി ഫാദർ തോമസ് കണ്ണംപള്ളി, പള്ളി ഭാരവാഹി തങ്കച്ചൻ വലിക്കുന്ന, സിസ്റ്റർ ലീലാമ്മ, സിസ്റ്റർ വിജയ എന്നിവരാണ് ക്രിസ്മസ് കേക്കുമായി എത്തിയത്.
പരസ്പര സ്നേഹവും സാഹോദര്യവുമാണ് ആഘോഷങ്ങളുടെ കാതലെന്നും ഇത്തരം ഒത്തുചേരലുകൾ നാടിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ അനിവാര്യമാണെന്നും സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. സ്നേഹവും സന്തോഷവും പങ്കിട്ട സന്ദർശനത്തിന് ശേഷം മധുരം വിതരണം ചെയ്താണ് സംഘം മടങ്ങിയത്.