മഹാരാജനെ പുറത്തെടുക്കാനായില്ല; ചെളിയിൽ പുതഞ്ഞ് ശരീരം, ഉറവ വെല്ലുവിളി

രക്ഷാപ്രവർത്തനം 45 മണിക്കൂർ പിന്നിട്ടു, കിണറ്റിനുള്ളിലെ സാഹചര്യം അപ്രവചനീയമെന്ന് ഡെപ്യൂട്ടി കലക്ടർ

Update: 2023-07-10 01:25 GMT

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ കിണറിൽ കുടുങ്ങിക്കിടക്കുന്ന ആളെ പുറത്തെടുക്കാനായുള്ള ശ്രമം 45 മണിക്കൂറുകൾ പിന്നിട്ടു. മഹാരാജനെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും പുറത്ത് എത്തിക്കാൻ സാധിച്ചിട്ടില്ല. കിണറിലെ ഉറവയുടെ സാന്നിധ്യമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്.

ഫയർഫോഴ്സിനെയും പൊലീസിനെയും കൂടാതെ കൊല്ലത്തുനിന്ന് എത്തിയ കിണർ പണിയിൽ വിദഗ്ധരായ തൊഴിലാളികളുടെ സഹായവും തേടിയിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടുകൂടി എന്‍ ഡി ആർഎഫ് സംഘം സംഭവ സ്ഥലത്ത് എത്തി. ഫയർഫോഴ്സ് സംഘം ദൗത്യം ഇതുവരെ എൻഡിആർഎഫിന് കൈമാറിയിട്ടില്ല.

Advertising
Advertising

ഏകദേശം 80 അടിയോളം താഴ്ചയിലെ മണ്ണ് നീക്കിയെങ്കിലും ഫലം കണ്ടിട്ടില്ല. തുടക്കത്തിൽ മണ്ണ് വീഴ്ച വെല്ലുവിളിയായിരുന്നെങ്കിലും മെറ്റൽ റിംഗ് സ്ഥാപിച്ച് ഇത് നിർത്തിയിരുന്നു. കൊല്ലത്ത് നിന്നുള്ള കിണർ വിദഗ്ധരെത്തിയാണ് ഇത് സ്ഥാപിച്ചത്. തുടർന്ന് ഇവരെയും കൂട്ടിയായിരുന്നു ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനം. രാത്രി 12 മണിയോടെ ആലപ്പുഴയിൽ നിന്നുള്ള 25 അംഗ എൻഡിആർഎഫ് സംഘമെത്തിയെങ്കിലും ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനം നയിക്കുന്നത്.

പ്രതീക്ഷിച്ചതിലും കൂടുതൽ മണ്ണും വെള്ളവും നീക്കം ചെയ്യേണ്ടതാണ് നിലവിലെ വെല്ലുവിളി. കിണറിലെ ശക്തമായ ഉറവ രക്ഷാപ്രവർത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിക്കുന്നുണ്ട്. 85 അടിയോളം കുഴിച്ചാൽ മഹാരാജനെ കണ്ടെത്താം എന്ന് ഇന്നലെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വിചാരിച്ചതിലുമധികം സമയം മണ്ണും വെള്ളവും നീക്കം ചെയ്യാനെടുത്തത് പ്രതീക്ഷകൾ അസ്ഥാനത്താക്കി. മഹാരാജന്റെ ശരീരം ചെളിയിൽ ഉറച്ചിരിക്കുകയാണെന്നാണ് നിഗമനം. അതുകൊണ്ടു തന്നെ വടം കെട്ടി പുറത്തെത്തിക്കുന്നത് ഇനി ദുഷ്‌കരമാകും. ശരീരത്തിന് ചുറ്റുമുള്ള മണ്ണ് മാറ്റി ശരീരം പൂർണമായും പുറത്തെത്തിക്കുകയാണ് രക്ഷാപ്രവർത്തകർക്ക് മുന്നിലുള്ള ഏക പോംവഴി. മഹാരാജനെ എപ്പോൾ പുറത്തെടുക്കാൻ കഴിയുമെന്ന് അറിയില്ലെന്നും കിണറ്റിനുള്ളിലെ സാഹചര്യം അപ്രവചനീയമെന്നും ജില്ലാ ഡെപ്യൂട്ടി കലക്ടർ ജയമോഹൻ അറിയിച്ചു

ശനിയാഴ്ച 9 മണിയോടെയാണ് മഹാരാജനടക്കം രണ്ടു പേർ കിണറ്റിൽ കുടുങ്ങിയത്. മുക്കോല സർവശക്തിപുരം റോഡിൽ സുകുമാരന്റെ വീട്ടിലെ 30 വർഷം പഴക്കമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം. ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കൂട്ടത്തിലുള്ളയാൾക്ക്‌ രക്ഷപ്പെടാനായെങ്കിലും മഹാരാജൻ കുടുങ്ങി. 90 അടി താഴ്ചയിലാണ് മഹാരാജൻ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. രണ്ട് കോൺക്രീറ്റ് റിംഗുകൾക്കും താഴെയാണിത്. ഇവയ്ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News