നിയമനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല; മറുപടി പറയേണ്ടത് കണ്ണൂർ സർവകലാശാലയെന്ന് ആർ ബിന്ദു

മറുപടി പറയേണ്ടത് കണ്ണൂർ സർവകലാശാലയെന്നും മന്ത്രി കൂട്ടിച്ചേർത്തു

Update: 2022-11-17 14:04 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: പ്രിയാ വർഗീസിനെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി ആർ.ബിന്ദു. കോടതി വിധി മാനിച്ചല്ലേ പറ്റുവെന്ന് പറഞ്ഞ മന്ത്രി നിയമനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കി. മറുപടി പറയേണ്ടത് കണ്ണൂർ സർവകലാശാലയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

അതേസമയം, വിധി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് എംവി ജയരാജന്റെ പ്രതികരണം. പ്രൊമോഷൻ സംബന്ധിച്ച് നിലവിലെ നിയമ വ്യവസ്ഥക്ക് ദുർവ്യാഖ്യാനം സൃഷ്ടിക്കുന്ന വിധിയാണ് ഹൈക്കോടതിയുടേതെന്നും ജയരാജൻ പ്രതികരിച്ചു. 

പ്രിയാ വർഗീസിന്റെ അയോഗ്യതകൾ എണ്ണിപ്പറഞ്ഞാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രിയക്ക് മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി വിധിച്ചു. എൻഎസ്എസിനെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമർശമായിരുന്നു കോടതി പരാമർശത്തിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത് കോടതി പ്രത്യേകം നോക്കിക്കണ്ടു. 

കുഴിവെട്ട് പരാമർശം നടത്തിയിട്ടില്ലെന്നും താനും എൻഎസ്എസിന്റെ ഭാഗമായിരുന്നു എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. യോഗ്യത സംബന്ധിച്ച് പ്രിയാ വർഗീസ് സമർപ്പിച്ച എല്ലാ രേഖകളും ഹൈക്കോടതി തള്ളി. മതിയായ യോഗ്യതകളില്ലാതെ പ്രിയാ വർഗീസ് ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പുനഃപരിശോധനക്ക് ശേഷം ലിസ്റ്റിൽ പ്രിയയെ നിലനിർത്തണോ വേണ്ടയോ എന്ന് തീരുമാനിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളാൻ കോടതി നിർദ്ദേശിച്ചു. സ്റ്റുഡന്റ് സർവീസ് ഡയറക്ടർ പദവി അധ്യാപനമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രിയ വർഗീസിനു യോഗ്യതയില്ലെന്ന് ആരോപിച്ച് ലിസ്റ്റിൽ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ നൽകിയ ഹരജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർണായക ഉത്തരവ്. ഹരജിയിൽ പ്രിയാ വർഗീസിന്റെ നിയമനം നേരത്തെ തന്നെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തുടർച്ചയായ രണ്ടുദിവസം വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News