'എൻ്റെ ഭാഗത്തും തെറ്റുണ്ട്, അങ്ങ് പറഞ്ഞത് പോലെ കടക്ക് പുറത്തെന്നോ, വീട്ടില്‍ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ടില്ല': റോജി എം. ജോണ്‍
പിണറായിക്ക് മറുപടിയുമായി മന്ത്രി റോജി എം. ജോണ്‍
തിരുവനന്തപുരം: മഹാരാജാസ് കോളജില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. തന്റെ ഭാഗത്തും തെറ്റുണ്ടെന്നും, അങ്ങ് പറഞ്ഞത് പോലെ കടക്ക് പുറത്തെന്നോ, വീട്ടില്‍ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ട് ഉന്നതമായ 'ജനാധിപത്യബോധം' താനും കാണിക്കണമായിരുന്നുവെന്നും മന്ത്രി പരിഹസിച്ചു. തനിക്ക് ജനാധിപത്യത്തിന്റെ ഭാഷയേ വശമുള്ളൂ, അതൊരു കുറവാണെങ്കില്‍ അതങ്ങനെ തന്നെ തുടരട്ടെയെന്നും മന്ത്രി പറഞ്ഞു.
സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ നോമിനിയെ വിസിയാക്കിയപ്പോഴും, ആര്‍എസ്എസ് അനുകൂലികളെ കുത്തിനിറച്ചപ്പോഴും നിസ്സംഗത പാലിച്ചയാളാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയെന്ന് പിണറായി കുറ്റപ്പെടുത്തിയിരുന്നു. മന്ത്രിയുടെ സംഘ്പരിവാര്‍ വിധേയത്വത്തെയാണ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തത്. മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ എസ്എഫ്ഐ പ്രവര്‍ത്തക നഫീസത്തുല്‍ മിസ്രിയക്കെതിരെ കോണ്‍ഗ്രസ്-ലീഗ് അണികള്‍ നടത്തുന്ന സൈബര്‍ ആക്രമണവും പൊലീസിന്റെ ഭരണകൂട വേട്ടയും ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്നും പിണറായി പറഞ്ഞിരുന്നു. ഇതിനാണ് റോജി എം. ജോണ്‍ മറുപടി നല്‍കിയത്.
റോജി എം. ജോണിന്റെ പോസ്റ്റ്...
അല്ലയോ പ്രതിപക്ഷ നേതാവേ...
എന്റെ ഭാഗത്തും തെറ്റുണ്ട്. അങ്ങ് പറഞ്ഞത് പോലെ കടക്ക് പുറത്തെന്നോ, വീട്ടില്‍ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ട് അങ്ങയെ പോലെ ഉന്നതമായ 'ജനാധിപത്യബോധം' ഞാനും കാണിക്കണമായിരുന്നു. അതല്ലെങ്കില്‍ അങ്ങ് ചെയ്തത് പോലെ കയ്യില്‍ ചെടിച്ചട്ടിയോ അല്ലെങ്കില്‍ ഹെല്‍മറ്റോ കൊടുത്ത് കുറച്ച് ആളുകളെകൊണ്ട് 'രക്ഷാപ്രവര്‍ത്തനം' നടത്തിച്ച് അങ്ങയെപ്പോലെ തികഞ്ഞ 'മനുഷ്യത്വം' ഉയര്‍ത്തിപ്പിടിക്കണമായിരുന്നു. അതുമല്ലെങ്കില്‍ അങ്ങ് ചെയ്തത് പോലെ കറുത്ത ബാനര്‍, കറുത്ത മാസ്‌ക്, കറുത്ത വസ്ത്രം തുടങ്ങിയവയ്ക്ക് പരിപാടിയില്‍ നിരോധനം ഏര്‍പ്പെടുത്തി അങ്ങയെപ്പോലെ പ്രതിഷേധക്കാരോട് ഐക്യപ്പെടണമായിരുന്നു. അങ്ങയുടെ സഹപ്രവര്‍ത്തകരെപ്പോലെ മുദ്രാവാക്യം വിളി കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല.
എനിക്ക് ജനാധിപത്യത്തിന്റെ ഭാഷയേ വശമുള്ളൂ. അതെന്റെ കുറവാണെങ്കില്‍ അതങ്ങനെ തന്നെ തുടരട്ടെ.