'1999ൽ വിജയ് മല്യ സ്വർണം പൂശിയ പാളി, 2019ൽ ചെന്നൈയിൽ എത്തിച്ചത് ചെമ്പ് പാളി'; സ്വർണപ്പാളി എങ്ങനെ ചെമ്പായി മാറിയെന്നതിൽ ദുരൂഹത
തിരുവാഭരണം കമ്മീഷണറുടെ മഹസറിന്‍റെ പകര്‍പ്പ് മീഡിയവണിന്
തിരുവനന്തപുരം:ശബരിമലയിലെ ദ്വാരപാലക ശില്‍പത്തില്‍ നിന്ന് 2019ല്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയില്‍ എത്തിച്ചത് ചെമ്പ് പാളിയെന്ന് കണ്ടെത്തല്‍. തിരുവാഭരണം കമ്മീഷണര്‍ തയ്യാറാക്കിയ മഹസറിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. മഹസറില്‍ സ്പോണ്‍സറായി ഒപ്പിട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്.1999-ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയ പാളി എങ്ങനെ ചെമ്പായി മാറിയെന്നതിലാണ് ദുരൂഹത.
2019 ആഗസ്റ്റ് 29നാണ് ദ്വാരപാലകശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട്സ് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ എത്തിക്കുന്നത്. ഒരു മാസം ഇവ അനധികൃതമായി ഇയാള്‍ കൈയില്‍ സൂക്ഷിച്ചിരുന്നു. സ്വര്‍ണം പൂശുന്നതിന് മുന്പ് 38,258 ഗ്രാം ചെമ്പ് പാളികളാണ് നേരില്‍ കണ്ടതെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ ആര്‍.ജി രാധാകൃഷ്ണന്‍ തയ്യാറാക്കിയ മഹസറില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
1999ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയപ്പോള്‍ ശ്രീകോവിലിനൊപ്പം ദ്വാരപാലകരെയും സ്വര്‍ണം പൂശിയെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപനടക്കം വ്യക്തമാക്കിയിരുന്നു. സ്വര്‍ണപാളി ചെമ്പായി മാറിയതിലെ ദുരൂഹത ഇതുവരെ മറനീക്കി പുറത്തുവന്നിട്ടില്ല. ദ്വാരപാലകശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കണമെന്ന് കാണിച്ചിറക്കിയ ദേവസ്വം ബോര്‍ഡ് ഉത്തരവിലും ചെമ്പ് പാളിയെന്നാണ് എഴുതിയിരുന്നത്.
ഈ വര്‍ഷം വീണ്ടും ദ്വാരപാലക ശില്‍പ പാളി സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതും വിവാദമായതാണ്. തിരികെ എത്തിച്ചപ്പോള്‍ തൂക്കം കുറഞ്ഞതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ദേവസ്വം വിജിലന്‍സ് ഉടന്‍ അന്വേഷണം തുടങ്ങും. ശബരിമല അയ്യപ്പന്റെ വസ്തുക്കള്‍ക്ക് വിലയെക്കാള്‍ ദൈവിക മൂല്യമാണ് ഭക്തര്‍ ചാര്‍ത്തികൊടുത്തിട്ടുള്ളത്. സ്വര്‍ണം പൂശാനെന്ന പേരിലൊക്കെ കൊണ്ടുപോയി കൈവശം വച്ചതു വഴി ആത്മീയ കച്ചവടമായിരുന്നോ ലക്ഷ്യമെന്ന സംശയവും ബലപ്പെടുന്നുണ്ട്.