ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര മണിക്കൂർ

'ദേവസ്വം വകുപ്പിന് സ്വർണ്ണപ്പാളികൾ കൊണ്ടുപോകുന്നതിന് യാതൊരു അപേക്ഷയും ലഭിച്ചിട്ടില്ല' കടകംപള്ളി സുരേന്ദ്രൻ

Update: 2025-12-30 09:25 GMT

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര മണിക്കൂർ. കഴിഞ്ഞ ശനിയാഴ്ചയാണ് എസ്‌ഐടി കടകംപള്ളിയെ ചോദ്യം ചെയ്തത്. 'ഉണ്ണികൃഷ്ണൻ പോറ്റിയുമായി സ്‌പോൺസർ എന്ന നിലയിലുള്ള പരിചയം മാത്രം. പോറ്റിയുമായി തനിക്ക് നേരിട്ട് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു.

പോറ്റിയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ച മാത്രമാണ്, ദേവസ്വം വകുപ്പിന് സ്വർണ്ണപ്പാളികൾ കൊണ്ടുപോകുന്നതിന് യാതൊരു അപേക്ഷയും ലഭിച്ചിട്ടില്ല. ഒരു ഫയൽ നീക്കവും തന്റെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ലെന്നും സ്വർണപ്പാളികൾ കൊണ്ടുപോകാൻ തീരുമാനമെടുത്തത് ദേവസ്വം ബോർഡാണെന്നും കടകംപള്ളി സുരേന്ദ്രന്റെ മൊഴിയിലുണ്ട്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനേയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ എ.പത്മകുമാർ, ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അവധിക്കാല ബെഞ്ച് വിസമ്മതിച്ചു. ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും. അന്വേഷണം തണുപ്പൻ രീതിയിലല്ലേ എന്ന് മറ്റൊരു ബെഞ്ച് പരാമർശിച്ചില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാൻ കഴിയില്ലെന്നും എല്ലാവരെയും കണ്ടെത്തട്ടെ എന്നും ഹൈക്കോടതി അവധിക്കാല ബെഞ്ച്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News