Writer - അൻഫസ് കൊണ്ടോട്ടി
anfas123
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നടപ്പിലാക്കിയത് ബോര്‍ഡിന്റെ തീരുമാനമെന്നും പത്മകുമാര്‍ ജാമ്യാപേക്ഷയില്‍. ജാമ്യഹരജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.
നേരത്തെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റായ പത്മകുമാറില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചിരുന്നു. കൂടാതെ, സ്വര്‍ണക്കൊള്ളയില്‍ പൂര്‍ണ ഉത്തരവാദിത്തം പത്മകുമാറിന് തന്നെയെന്ന് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ ഇടപെടലുകളൊന്നും നടത്തിയില്ലെന്നും എല്ലാം പത്മകുമാറാണ് ചെയ്തതെന്നുമായിരുന്നു ബോര്‍ഡ് അംഗങ്ങളുടെ മൊഴി.
നടപ്പിലാക്കിയത് ബോര്‍ഡിന്റെ തീരുമാനമായിരുന്നുവെന്നും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നുമായിരുന്നു പത്മകുമാറിന്റെ വാദം. താന്‍ വരുന്നതിന് മുമ്പ് തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ ഉണ്ടായിരുന്നുവെന്നും പത്മകുമാര്‍ ജാമ്യഹരജിയില്‍ പറഞ്ഞു.
പ്രായമായ ആളായതിനാല്‍ ഹരജിയില്‍ തങ്ങളുടെ കക്ഷിക്ക് പരിഗണന വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ജാമ്യഹരജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.