Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ചോദ്യം ചെയ്യൽ രണ്ടാംമണിക്കൂറിലേക്ക്. പൊലീസ് ആസ്ഥാനത്ത് വെച്ചാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പത്മകുമാർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ഇന്ന് വൈകുന്നേരം നാലുമണി വരെ കസ്റ്റഡിയിൽ വിട്ട മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ.വാസുവിനെ കൂടെ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നുണ്ട്.
വാസുവിനെയും പത്മകുമാറിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്തി മറ്റ് നടപടികളിലേക്ക് കടക്കുന്ന നീക്കമായിരിക്കും അന്വേഷണ സംഘം നടത്തുക. നിലവിൽ പത്മകുമാറിനെ ചോദ്യം ചെയ്യുന്നതിലൂടെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും എന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.