Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി.മണിയും തമ്മില്‍ ശബരിമലയിലെ ഉരുപ്പടികളുടെ ഇടപാട് നടന്നതായി പ്രവാസി വ്യവസായി. ഉരുപ്പടികള്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്നും വ്യവസായി പറഞ്ഞു. ഡി.മണിയെ നാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി.
ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു പ്രവാസി വ്യവസായി അന്വേഷണസംഘത്തിന് നല്‍കിയിരുന്ന മൊഴി. ഇത് ശബരിമലയിലേത് തന്നെയെന്ന് ഉറപ്പിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരത്ത് വെച്ചാണ് ശബരിമലയില്‍ നിന്നുള്ള ഉരുപ്പടികളുടെ ഇടപാട് നടന്നത്. ഇടപാടിനായി സംഘം ആദ്യം തന്നെയാണ് സമീപിച്ചത്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. അതിനാലാണ് മറ്റാളുകളിലേക്ക് ഇടപാടുകള്‍ മാറിയതെന്നും വ്യവസായി അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാട് ഡി. മണിയുമായി തന്നെയായിരുന്നുവെന്ന നിലപാടില്‍ പ്രവാസി വ്യവസായി ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ വിഗ്രഹക്കടത്തില്‍ പങ്കില്ലെന്നാണ് ഡി.മണി ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ഡിണ്ടിഗലിലെ ചോദ്യം ചെയ്യലില്‍ ഡി. മണി അന്വേഷണസംഘത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാന്‍ എസ്‌ഐടി മണിയെ ആവശ്യപ്പെട്ടത്. മണിയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് പ്രവാസി വ്യവസായില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് അന്വേഷണസംഘം.